ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പ്രത്യുത്പാദന അവകാശ നിയമങ്ങളില്‍ 60 വര്‍ഷക്കാലത്തിനിടെ ഏറ്റവും വലിയ പൊളിച്ചെഴുത്തിന് കളമൊരുങ്ങുന്നു. അബോര്‍ഷന്‍ ഒരു കുറ്റകൃത്യമല്ലാതാക്കി മാറ്റാനുള്ള പ്രമേയത്തിലാണ് പാര്‍ലമെന്റ് വോട്ട് ചെയ്യുന്നത്.
ലേബര്‍ ബാക്ക്‌ബെഞ്ചര്‍ ടോണിയാ അന്റോണിയാസി മുന്നോട്ട് വെച്ച ഭേദഗതി സ്വീകരിക്കുമെന്നാണ് നിലവിലെ സൂചന. 1967-ലെ അബോര്‍ഷന്‍ ആക്ടില്‍ നിന്നുള്ള സുപ്രധാന മാറ്റമായിരിക്കും പരിഷ്‌കാരങ്ങള്‍. ഗര്‍ഭം അലസിപ്പിക്കുന്നത് ഒരു കുറ്റകൃത്യമായി തുടരുകയാണ്. അബോര്‍ഷന്‍ ചെയ്യാന്‍ കര്‍ശനമായ നിബന്ധനകളാണ് അബോര്‍ഷന്‍ ആക്ട് മുന്നോട്ട് വെയ്ക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമപരിഷ്‌കാരങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. അനധികൃതമായി അബോര്‍ഷന്‍ നടത്തിയെന്ന് രോപിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണമേറുകയും ചെയ്തു.
അന്റോണിയാസിയുടെ ഭേദഗതിക്ക് ആവശ്യമായ പിന്തുണ ലഭിച്ച് ബില്‍ നിയമമായാല്‍ സ്ത്രീകള്‍ക്ക് സ്വന്തം ഗര്‍ഭം അവസാനിപ്പിച്ചതിന്റെ പേരില്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരില്ല. എന്നിരുന്നാലും അബോര്‍ഷന്‍ നേടാനുള്ള സമയപരിധി, ടെലിമെഡിസിന്‍, കാരണങ്ങള്‍, രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം എന്നിവയിലൊന്നും മാറ്റം വരുന്നില്ല. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും നിയമമാറ്റത്തെ പിന്തുണയ്ക്കുന്നുണ്ട്.