ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎസ് സൈന്യത്തെ ഇറക്കാന്‍ ആലോചിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ സുരക്ഷാ ഉപദേശകരുമായി യുഎസ് പ്രസിഡന്റ് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അക്രമണം നടത്താന്‍ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തിലാണ് ട്രംപും, സംഘവും കൂടിയാലോചനകള്‍ നടത്തുന്നതെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെഹ്‌റാനില്‍ നിന്നും ഒഴിഞ്ഞ് പോകാന്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം നഗരത്തിലേക്ക് ഇസ്രയേല്‍ ഡ്രോണുകള്‍ അയച്ച് കനത്ത നാശം വിതച്ചു. ഇറാന്‍ ഇതിന് മറുപടിയായി പ്രത്യാക്രമണവും നടത്തുന്നുണ്ട്. ലോകം ഓര്‍ത്തിരിക്കുന്ന ഒരു സര്‍പ്രൈസ് നല്‍കുമെന്നാണ് ഇറാന്‍ സ്റ്റേറ്റ് ടിവി മുന്നറിയിപ്പ് നല്‍കിയത്. ടെല്‍ അവീവിലേക്ക് മിസൈലുകള്‍ പെയ്തിറങ്ങിയപ്പോള്‍ ഇസ്രയേല്‍ അയേണ്‍ ഡോണ്‍ പ്രവര്‍ത്തിക്കുന്നതും, ജനങ്ങള്‍ ഷെല്‍റ്ററുകളിലേക്ക് ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
'ഹൈദറിന്റെ പേരില്‍ യുദ്ധം തുടങ്ങുന്നു' എന്നാണ് ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേനി പ്രഖ്യാപിച്ചത്. ഷിയാ ഇസ്ലാം ആരാധിക്കുന്ന നാലാമത്തെ മുസ്ലീം ഖലീഫയാണ് ഹൈദര്‍. മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്കന്‍ സൈന്യം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ എത്തിച്ചതോടെ യുഎസും ഇറാനെ അക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
ഇറാനോട് 'അസന്നിഗ്ധമായി കീഴടങ്ങാനാണ്' ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒളിവിലുള്ള ഖമനേനി എവിടെയാണ് ഉള്ളതെന്ന് യുഎസിന് അറിയാമെന്നും ട്രംപ് വ്യക്തമാക്കി. 'പരമോന്നത നേതാവെന്ന് പറയപ്പെടുന്ന ആള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അയാളൊരു എളുപ്പ ലക്ഷ്യമാണ്, പക്ഷെ ഇപ്പോള്‍ കൊല്ലാന്‍ ഉദ്ദേശിക്കുന്നില്ല. തല്‍ക്കാലം സുരക്ഷിതമാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് നേരെയും, അമേരിക്കന്‍ സൈനികര്‍ക്ക് നേരെയും മിസൈല്‍ വരാന്‍ ആഗ്രഹിക്കുന്നില്ല. ക്ഷമ ദുര്‍ബലമാകുകയാണ്', യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.