സ്വന്തം ഗര്‍ഭം അലസിപ്പിക്കുന്നതിന്റെ പേരില്‍ സ്ത്രീകളെ ക്രിമിനലുകളായി മുദ്രകുത്തിയിരുന്ന നിയമം പൊളിച്ചെഴുതി ബ്രിട്ടന്‍. അര നൂറ്റാണ്ടോളമായി നിലനിന്നിരുന്ന പ്രത്യുത്പാദന അവകാശങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കുന്നത്.
ഏത് കാരണത്താലും, ജനനം വരെയുള്ള ഏത് ഘട്ടത്തിലും സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്ന സ്ത്രീക്ക് ഇനി പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരില്ല. 137-നെതിരെ 379 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. ഇതോടെ സ്വന്തം ഗര്‍ഭത്തിന്റെ പേരില്‍ സ്വീകരിച്ച നടപടിയുടെ പേരില്‍ ഇനിയൊരു സ്ത്രീക്കും അന്വേഷണവും, അറസ്റ്റും, പ്രോസിക്യൂഷനും, തടവും നേരിടേണ്ടതായി വരില്ലെന്ന് ഭേദഗതി മുന്നോട്ട് വെച്ച ലേബര്‍ എംപി ടോണിയാ അന്റോണിയാസി പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രയോഗത്തിലുള്ള വിക്ടോറിയന്‍ അബോര്‍ഷന്‍ നിയമങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എതിരായാണ് ഉപയോഗിക്കപ്പെടുന്നതെന്ന് അവര്‍ കോമണ്‍സില്‍ ചൂണ്ടിക്കാണിച്ചു. 1967-ലെ അബോര്‍ഷന്‍ ആക്ടിന് ശേഷം ഏറ്റവും വലിയ നിയമമാറ്റം കൂടിയാണ് ഈ ഭേദഗതി. 1861-ലെ ഒഫെന്‍സസ് എഗെയിന്‍സ്റ്റ് ദി പേഴ്‌സണ്‍ ആക്ടില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമാക്കിയ നടപടിയാണ് തിരുത്തുന്നത്.
സ്വന്തം കുഞ്ഞുങ്ങളെ അബോര്‍ട്ട് ചെയ്യുന്ന സ്ത്രീകളെ ഇനി ഈ നിയമം ബാധിക്കില്ല. ഗര്‍ഭം അലസിപ്പിച്ചതിന്റെ പേരില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന സ്ത്രീകള്‍ക്കുള്ള ആശ്വാസമാണ് നടപടിയെന്ന് എംപിമാരും, ആക്ടിവിസ്റ്റുകളും വ്യക്തമാക്കി. എന്നാല്‍ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തി. പിറക്കാത്ത കുഞ്ഞിന്റെ അവകാശം ഹനിക്കുന്നുവെന്നാണ് അബോര്‍ഷന്‍ വിരുദ്ധരുടെ നിലപാട്.