വിദേശത്ത് നിന്നും എത്തിയ ഡെന്റല്‍ ഡോക്ടര്‍മാര്‍ മക്‌ഡൊണാള്‍ഡ്‌സ് പോലുള്ള ടേക്ക്എവേകളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. എന്‍എച്ച്എസ് ഡെന്റല്‍ കെയര്‍ സേവനം ലഭിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് ഡെന്റിസ്റ്റുകളെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
എന്‍എച്ച്എസ് ഡെന്റല്‍ കെയറില്‍ നിലനില്‍ക്കുന്ന വലിയ വിടവ് നികത്താന്‍ സഹായിക്കുന്ന വിദേശ ഡോക്ടര്‍മാരെ ഈ രംഗത്ത് എത്തിക്കാന്‍ ഉദ്യോഗസ്ഥതല പിടിവാശികള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണ് എംപിമാര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം നേടാനായി നടത്തുന്ന പരീക്ഷയ്ക്ക് ഇരിക്കാന്‍ കഴിയാത്തതാണ് വിദേശ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് പ്രധാന പ്രതിബന്ധം സൃഷ്ടിക്കുന്നത്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതനിശയിലേക്ക് ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് പോലെയാണ് ഇതിന്റെ നടപടിക്രമങ്ങളെന്നാണ് പരാതി.
ഇതോടെ ഇന്ത്യയില്‍ നിന്നും ഈജിപ്ത്, അല്‍ബേനിയ പോലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്ന സമ്പൂര്‍ണ്ണ യോഗ്യതകളുള്ള ഡെന്റിസ്റ്റുകള്‍ മാസങ്ങളും, വര്‍ഷങ്ങളും ഫാസ്റ്റ് ഫുഡ് കഫേകളില്‍ പ്രവര്‍ത്തിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഡെന്റല്‍ ഗ്രൂപ്പ്‌സ് കണ്ടെത്തി.
രണ്ട് ഭാഗമായി നടത്തുന്ന ഓവര്‍സീസ് രജിസ്‌ട്രേഷന്‍ എക്‌സാമിനേഷന്‍ അടിയന്തരമായി ഒഴിവാക്കി വിദേശ ഡെന്റിസ്റ്റുകളുടെ കഴിവുകള്‍ പാഴാകുന്നത് തടയണമെന്ന് എഡിജി ആവശ്യപ്പെടുന്നു. വിദേശത്ത് പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് രണ്ട് ഒആര്‍ഇകളും പാസായെങ്കില്‍ മാത്രമാണ് ജനറല്‍ ഡെന്റല്‍ കൗണ്‍സില്‍ രജിസ്റ്ററിലേക്ക് പ്രവേശനം സിദ്ധിക്കുകയും, യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി ലഭിക്കുകയും ചെയ്യുക.