'ഇതൊരു അത്ഭുതം തന്നെയാണ്', 279 പേര്‍ കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ദുരന്തത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തി പറയുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന 40-കാരന്‍ വിശ്വാഷ് രമേഷിന് ഇപ്പോഴും അത്ഭുതം ബാക്കിയാണ്, പക്ഷെ അതോടൊപ്പം അടക്കാന്‍ കഴിയാത്ത പശ്ചാത്താപവും അദ്ദേഹത്തെ വേട്ടയാടുന്നു.
നൂറുകണക്കിന് യാത്രക്കാര്‍ക്കൊപ്പം വിശ്വാഷിന്റെ സഹോദരന്‍ അജയും അപകടത്തോടെ ഇല്ലാതായി. വിമാനം തകര്‍ന്നുവീണ് നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിഗോളമായി പൊട്ടിത്തെറിച്ചതോടെ ഒരാള്‍ക്ക് പോലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. ഇതില്‍ നിന്നും താന്‍ മാത്രം രക്ഷപ്പെട്ടതിന്റെ വ്യഥയിലാണ് വിശ്വാഷ്.
എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള 11-ാം നിരയില്‍ ഇരിക്കാന്‍ കഴിഞ്ഞതായി ഈ 40-കാരന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. ഇവിടെ തന്നെ സഹോദരനും സീറ്റ് ലഭ്യമാക്കാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റ് തെരഞ്ഞെടുക്കുന്ന സമയത്ത് മറ്റ് യാത്രക്കാര്‍ ഈ സ്ഥലങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് സഹോദരങ്ങള്‍ രണ്ട് ഭാഗത്തായി ഇരിക്കേണ്ടി വന്നത്.
വിശ്വാഷ് ഇരുന്ന 11എ സീറ്റാണ് ഇദ്ദേഹത്തിന് രക്ഷയായത്. ബോയിംഗ് 787 ഡ്രീംലൈനര്‍ ഇടിച്ചിറങ്ങിയപ്പോള്‍ രൂപപ്പെട്ട ഒരു പഴുതിലൂടെയാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിശ്വാഷിന് ഞെരുങ്ങി പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എന്നാല്‍ മറുഭാഗത്ത് 11ജെ'യില്‍ ഇരുന്ന സഹോദരന്‍ അജയ്ക്ക് ഈ ഭാഗ്യം ഉണ്ടായില്ല. മറ്റ് യാത്രക്കാര്‍ക്കും, ക്രൂവിനും ഒപ്പം അജയുടെ ജീവിതം അവസാനിച്ചു.
രക്ഷപ്പെട്ടതിന്റെ പശ്ചാത്താപത്തില്‍ നിന്നും മുക്തമാകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ വിശ്വാഷ് പറയുന്നു. 'ഒരുമിച്ച് ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെടാന്‍ കഴിയുമായിരുന്നു. കണ്‍മുന്നില്‍ അവനെ നഷ്ടപ്പെട്ടു, എന്ത് കൊണ്ട് അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ചിന്തിച്ച് കൊണ്ടിരിക്കുന്നത്', 40-കാരന്‍ പറയുന്നു.
ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതം തന്നെയാണ്. ശാരീരികമായി ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ, പക്ഷെ മാനസികമായി മോശം അവസ്ഥയിലാണ്, വിശ്വാസ് വ്യക്തമാക്കി. ജീവനോടെ രക്ഷപ്പെടേണ്ടിയിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ മാനസികാവസ്ഥയെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.