മേയ് മാസത്തില്‍ യുകെയുടെ പണപ്പെരുപ്പം ചെറിയ തോതില്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന് സ്വപ്‌നം കാണേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. മേയ് വരെ 12 മാസത്തില്‍ പണപ്പെരും 3.4 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു.
ജനങ്ങളുടെ കുടുംബ ബജറ്റുകളെ നേരിട്ട് ബാധിക്കുന്ന പണപ്പെരുപ്പം കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് താഴാത്തത് തിരിച്ചടിയാണ്. പലിശ നിരക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് യോഗം ചേരും.
ഏപ്രില്‍ മാസത്തിലെ ബില്‍ വര്‍ദ്ധനവുകളുടെ ആഘാതം കുടുംബങ്ങളുടെ ബജറ്റുകളെ താളം തെറ്റിക്കുന്നത് തുടരുകയാണ്. എന്നിരുന്നാലും എനര്‍ജി ചെലവ് താഴ്ന്നതാണ് പണപ്പെരുപ്പത്തില്‍ ആശ്വാസം നല്‍കിയത്. പണപ്പെരുപ്പം താഴ്ത്തി, ജനങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കുന്നതാണ് ഗവണ്‍മെന്റിന്റെ പ്രധാന ദൗത്യമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ചു.
അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് തീപിടിച്ച വില വര്‍ദ്ധനവാണെന്ന് വിച്ച്? സര്‍വ്വെ കണ്ടെത്തി. ചോക്ലേറ്റ് വില 17.5 ശതമാനവും, ബിസ്‌കറ്റുകള്‍ക്ക് 10.1 ശതമാനവും വിലയേറി. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊക്കോ വില കുതിച്ചുയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. ഡയറി ഉത്പന്നങ്ങളുടെയും വില കുത്തനെ മുകളിലേക്കാണ്.
വിലക്കയറ്റം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പ്രാധാന്യം നല്‍കും. ഇങ്ങനെ വന്നാല്‍ പലിശ നിരക്ക് നിലനിര്‍ത്താനുള്ള തീരുമാനമാകും ബാങ്ക് എടുക്കുക.