ബ്രിട്ടീഷ് ക്രിമിനല്‍ ചരിത്രത്തിലെ ഏറ്റവും നീചനായ ലൈംഗിക കുറ്റവാളിയെന്ന് പോലീസ് വിശേഷിപ്പിച്ച പരമ്പര ബലാത്സംഗ കുറ്റവാളി ചുരുങ്ങിയത് 24 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് വിധിച്ച് കോടതി. സ്ത്രീകളെയും, പെണ്‍കുട്ടികളെയും മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ ബലാത്സംഗത്തിന് ഇരകളാക്കിയിരുന്നത്. യുകെയിലും, ചൈനയിലുമായി പത്ത് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.
28-കാരനായ ചൈനീസ് പിഎച്ച്ഡി വിദ്യാര്‍ത്ഥി സെന്‍ഹാവു സോവുവിനാണ് ശിക്ഷ. 2019 മുതല്‍ 2024 വരെ കാലയളവിലാണ് ലണ്ടനിലെ ഫ്‌ളാറ്റിലേക്ക് പഠിക്കാനും, മദ്യപാനത്തിനുമായി ക്ഷണിച്ച ശേഷം മയക്കുമരുന്ന് നല്‍കുകയും, ബലാത്സംഗത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നത്. അതേസമയം 50-ലേറെ സ്ത്രീകള്‍ ഇയാളുടെ പീഡനങ്ങള്‍ ഇരയായിട്ടുണ്ടെന്ന് പോലീസ് ഭയക്കുന്നു.
ശിക്ഷ വിധിച്ചതിന് പിന്നാലെ ഇരുപതിലേറെ സ്ത്രീകള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. നിരവധി പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കൂടുതല്‍ കേസുകള്‍ വരുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നത്. 'സ്ത്രീകളെ ഒരു ഗെയിമിലെ വസ്തുക്കള്‍ മാത്രമായി കണ്ടാണ്' സോവു അക്രമങ്ങള്‍ നടത്തിയതെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. ബുദ്ധിമാനായ ചെറുപ്പക്കാരനായിരുന്നിട്ടും, സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പോലും പുനര്‍ചിന്തനമില്ലാതെ ലൈംഗികമായി ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഈ കുറ്റങ്ങള്‍ക്ക് ചൈനീസ് പൗരന് യുകെയിലെ ജയിലില്‍ 24 വര്‍ഷമെങ്കിലും കിടന്നെങ്കില്‍ മാത്രമാണ് പരോളിന് പരിഗണിക്കേണ്ടതെന്ന് ജഡ്ജ് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് മേല്‍ ശക്തിയും, നിയന്ത്രണവും അടിച്ചേല്‍പ്പിച്ച് ലൈംഗിക താല്‍പര്യത്തിന് മാത്രം ശ്രമിച്ച ഇയാള്‍ കനത്ത അപകടകാരിയാണെന്നും വിധിയില്‍ പറയുന്നു. ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ യുകെയിലും, ചൈനയിലും കൂടുതല്‍ ഇരകളുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 24ന് അന്താരാഷ്ട്ര അപ്പീല്‍ നല്‍കിയ ശേഷം 24 സ്ത്രീകള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നു.