ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അരയും, തലയും മുറുക്കി ഇടപെടാന്‍ ഒരുങ്ങുവെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മനംമാറ്റം. യുദ്ധത്തില്‍ പങ്കാളിയായി ഇസ്രയേലിന് സുരക്ഷിതത്വം നല്‍കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കാനാണ് ട്രംപിന്റെ നീക്കം.
അമേരിക്ക വലിഞ്ഞതോടെ ഇത് മുതലെടുത്ത് ഇറാന്‍ വെല്ലുവിളി അല്‍പ്പം കൂടി ശക്തമാക്കി. ഇസ്രയേല്‍ മിസൈലുകള്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ പതിക്കുന്നതിന് ഏറെ മുന്‍പ് തന്നെ ആണവ വസ്തുക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. 'ഇസ്രയേല്‍ നതാന്‍സ്, ഇസ്ഫഹാന്‍, ഖാന്‍ദാബ്, അറാക് എന്നിവിടങ്ങളില്‍ അക്രമം നടത്തി, പക്ഷെ അവിടെ നിന്നെല്ലാം സാധനങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എല്ലാം സുരക്ഷിതസ്ഥാനത്തുണ്ട്', ഇറാന്‍ കമ്മാന്‍ഡര്‍ മൊഹ്‌സെന്‍ റെയ്‌സെയ് പറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ ഇറാന്റെ ആണവശേഷി തകര്‍ക്കാന്‍ ഇസ്രയേല്‍ മിസൈല്‍ അക്രമണം നടത്തുന്നുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന നിലപാടിലായിരുന്നു യുഎസ് പ്രസിഡന്റ്. എന്നാല്‍ ഇന്നലെ രാത്രിയോടെ ട്രംപ് നാടകീയമായി നിലപാട് മാറ്റി. ബ്രിട്ടന്‍ ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്.
ഇതിന് മുന്‍പുള്ള 48 മണിക്കൂറില്‍ യുഎസ് പ്രസിഡന്റ് ഇറാന്‍ നിബന്ധനകളില്ലാതെ കീഴടങ്ങണമെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം വരുമെന്നും ഭീഷണി മുഴക്കിയിരുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്താന്‍ രണ്ടാഴ്ച ഇറാന് സമയം അനുവദിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. ബ്രിട്ടനും, ഫ്രാന്‍സും, ജര്‍മ്മനിലും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ജനീവയില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നുണ്ട്.