യുവകലാസാഹിതി യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവം അവിസ്മരണീയമായി. യൂറോപ്പിലെ പ്രഥമ മലയാള സാഹിത്യോത്സവമായ യുവകലാസാഹിതി സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പിന് ലണ്ടനിലെ വെസ്റ്റ് ഡ്രൈറ്റന്‍ കമ്യൂണിറ്റിഹാള്‍ ആണ് സാക്ഷ്യം വഹിച്ചത്.
വര്‍ത്തമാനകാല വിഷയങ്ങളില്‍ സംവദിക്കുകയും വിലയിരുത്തുകയും ചെയ്തു.
യുവകലാസാഹിതി യു.കെ സാഹിത്യോത്സവം കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനതയുടെ പക്ഷം ചേര്‍ന്ന് നിലപാട് ഉയര്‍ത്തിപിടിക്കുന്നവരാകണം സാഹിത്യകാരന്മാരെന്ന് മന്ത്രി പറഞ്ഞു.
നമ്മളെല്ലാം ഒന്നാണ്. നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ഒന്നാണ്. തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വരുന്നവരുണ്ട്. അത് കണ്ടറിഞ്ഞു തടഞ്ഞു നിര്‍ത്താനാകണമെന്നും കേരളാ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഒത്തൊരുമയില്‍ മാത്രമേ ലണ്ടനിലായാലും കേരളത്തിലായാലും നമുക്ക് മുന്നോട്ടു പോകാനാവൂ. വിദ്വേഷം വലിച്ചെറിഞ്ഞ് സംഘടിച്ച് നമ്മള്‍ ശക്തരാകണം. ആ സമര പാരമ്പര്യം നമ്മള്‍ നിലനിര്‍ത്തണം എന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ലോകമാകെ യുദ്ധത്തിന്റെ ആഘോഷമാണ് നമ്മള്‍ കാണുന്നത്. അതിന്റെ കാഹളമാണ് നമ്മള്‍ കേള്‍ക്കുന്നത്. ആരും യുദ്ധം വേണ്ടാ എന്ന് പറയുന്നില്ല. എവിടെയെങ്കിലും യുദ്ധം വിതച്ചു സന്തോഷം കൊയ്‌തെടുത്തിട്ടുണ്ടോ ? ശവക്കൂനകളുടെ ഒത്ത നടുവില്‍ നിന്ന് എന്ത് സന്തോഷിക്കാനാണ് ? ഇവിടെ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശമാണ് വരേണ്ടതെന്നും മന്ത്രി പി പ്രസാദ് ഏവരേയും ഓര്‍മ്മിപ്പിച്ചു.
നാലു സെക്ഷനുകളിലായിരുന്നു പരിപാടി. നാടുകടന്നവരുടെ നാരായം എന്ന പേരില്‍ ഒന്നാം സെക്ഷനും സൂമറും ആല്‍ഫയും ; തലമുറമാറ്റത്തിലെ ചേരാത്ത കണ്ണികള്‍ എന്ന പേരില്‍ രണ്ടാം സെക്ഷനും നടന്നു.ലൈക്ക് കമന്റ് ഷെയര്‍ ; നവ മാധ്യമങ്ങളില്‍ തളിര്‍ത്ത ജീവിതങ്ങള്‍ മൂന്നാം സെക്ഷനും വംശീയത, വിവേചനം ; തെറ്റുന്ന കുടിയേറ്റ പരിഗണനകള്‍ നാലാം സെക്ഷനുമായി.
മുന്‍ കാലത്തേക്കാള്‍ സാംസ്‌കാരിക സംഘടനകള്‍ കമ്മര്‍നിരതരാകേണ്ട സമയമാണിത്. ഇതിന് മുന്നില്‍ നില്‍ക്കാന്‍ യുവകലാസാഹിതി മുന്നിലുണ്ടാകുമെന്ന് വ്യക്തമാക്കുന്ന പരിപാടികളാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായത്.
ഡോ രവി രാമന്‍, എഴുത്തുകാരി ദീപ നിശാന്ത്, ബിജു പെരിങ്ങത്തറ, ഷിനു ക്ലയര്‍ മാത്യു, ഷെഫ് ജോമോന്‍, ഫാ.ഷൈജു മത്തായി, മനോജ് കുമാര്‍,ബിജോയ് സെബാസ്റ്റ്യന്‍ സിഎ ജോസഫ്, കുര്യന്‍ ജേക്കബ്, വിശാല്‍ ഉഷ ഉദയകുമാര്‍, എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യുവകലാസാഹിതി പ്രസഡിഡന്റ് എംപിഅഭിജിത് അധ്യക്ഷത വഹിക്കുകയും സാഹിത്യോത്സവം ഡയറക്ടര്‍ അഡ്വ മുഹമ്മദ് നാസിം സ്വാഗതവും , സെക്രട്ടറി ലെജീവ് രാജന്‍ നന്ദി പറയുകയും ചെയ്തു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യപുരസ്‌കാരവും സമ്മാനിച്ചു. മികച്ച കഥയായി ജോയല്‍ പോളിന്റെ അളകനന്ദയിലെ ദേവദാരുവും,മികച്ച കവിതയായി അനൂപ് എം അറിന്റെ ചരിത്ര ഹൗവ്വയും,മികച്ച നോവലായി ജയശ്രീ ശ്യാംലാലിന്റെ മിറിയവും തെരെഞ്ഞെടുത്തു. ബഹുമാന്യനായ മന്ത്രി വിജയികള്‍ക്ക് സമ്മാനം കൈമാറി.
പുസ്തക പ്രകാശനം, പുസ്തകോത്സവം, പുസ്തക പരിചയപ്പെടുത്തല്‍, മെമ്മോറിയം, പുറമെ അനുപമ ശ്രീയുടെ ഭരതനാട്യം,എഡ്വിന്‍ ജോര്‍ജന്റെ ആര്‍ട്ട് ഗ്യാലറിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിപാടിയാക്കി സാഹിത്യോത്സവത്തെ മാറ്റി. സാഹിത്യോത്സവത്തിന്റെ അടുത്ത പതിപ്പ് 2026 ല്‍ ലണ്ടനില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു