കൊല്‍ക്കത്തയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രതികളായ രണ്ട് പേര്‍ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കോളേജ് ഗേറ്റില്‍ നിന്ന് കോളേജ് മുറ്റത്തേയ്ക്ക് അതിജീവിതയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ വാര്‍ത്ത കൊല്‍ക്കത്ത പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യപ്രതി മൊണോജിത് മിശ്ര കൂടെയുണ്ടായിരുന്ന രണ്ട് പേരോട് തന്നെ വലിച്ചിഴച്ച് കൊണ്ടുവരാന്‍ പറഞ്ഞുവെന്ന അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 'അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. മൂന്ന് പ്രതികള്‍, സുരക്ഷാ ജീവനക്കാരന്‍, അതിജീവിത എന്നിവരെ ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗം നേതാവും ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ മൊണോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ ഫോണില്‍ നിന്ന് പീഡന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. മോണോജിത്തിന് പുറമേ അതിജീവിതയുടെ സഹപാഠികളായ പ്രമിത് മുഖര്‍ജി, സെയ്ബ് അഹമ്മദ്, കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പിനാകി ബാനര്‍ജി എന്നിവരാണ് കേസിലെ പ്രതികള്‍.