ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തി ഒന്നാം വര്‍ഷം തികയ്ക്കുമ്പോള്‍ പ്രതിച്ഛായ നഷ്ടമായി കീര്‍ സ്റ്റാര്‍മര്‍. വെല്‍ഫെയര്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയ സുപ്രധാനമായ ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഒഴിവാക്കി ലേബര്‍ വിമത നീക്കം ഒഴിവാക്കേണ്ട ഗതികേട് നേരിട്ടതോടെയാണ് ഒന്നാം വാര്‍ഷികത്തില്‍ അപ്രമാദിത്വം നഷ്ടമായ നിലയിലെത്തിയത്.
കോമണ്‍സില്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ സ്വന്തം എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍വി സമ്മാനിക്കുമെന്ന അവസ്ഥ എത്തിയതോടെയാണ് കീര്‍ സ്റ്റാര്‍മര്‍ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായത്. വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിച്ചതോടെ ബില്‍ സഭയില്‍ പാസായി. പൊതുഖജനാവില്‍ 5 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് സൃഷ്ടിക്കുന്ന പരിഷ്‌കാരങ്ങള്‍ ഉപേക്ഷിച്ചതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് നികുതി വീണ്ടും കൂട്ടേണ്ടതായി വരും.
വീക്കെന്‍ഡില്‍ വാര്‍ഷികം ആഘോഷമാക്കാന്‍ ഇരിക്കവെ നേരിട്ട തിരിച്ചടി സ്റ്റാര്‍മര്‍ക്ക് ആഘാതമാണ്. ഒരിളവും ബില്ലില്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും വിമതപക്ഷം എതിര്‍പ്പ് ശക്തമാക്കിയതോടെ പരാജയം രുചിക്കുമെന്ന് ഗവണ്‍മെന്റ് വിപ്പുമാര്‍ സൂചന നല്‍കി. ബില്‍ അവതരിപ്പിക്കാന്‍ 90 മിനിറ്റ് മാത്രം അവശേഷിക്കുമ്പോള്‍ പേഴ്‌സണ്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് നിബന്ധന കര്‍ശനമാക്കാനുള്ള പദ്ധതി ഗവണ്‍മെന്റ് ഉപേക്ഷിച്ചു.
ഈ മാറ്റങ്ങളുടെ ബലത്തില്‍ 260-നെതിരെ 335 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. എന്നിരുന്നാലും പണം ലാഭിക്കാനുള്ള വഴികള്‍ അടഞ്ഞ നിലയിലാണ്. 49 ലേബര്‍ എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. അടുത്ത ആഴ്ച ബില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കാത്ത പക്ഷം മറുകണ്ടം ചാടുമെന്ന് ചില എംപിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.