CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 54 Seconds Ago
Breaking Now

ജൂലൈ 22 കടന്ന് നേരം പുലര്‍ന്നു, ബ്രിട്ടനില്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നിലവില്‍ വന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ഇനി ഡിഗ്രി അനിവാര്യം; കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു; താല്‍ക്കാലിക ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റും പുറത്തുവിട്ടു; കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമിക വാതിലടയ്ക്കുമ്പോള്‍

ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി

ബ്രിട്ടന്‍ കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമികയാണ്. മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാര്‍ ഇവിടെ സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്നു. എന്‍എച്ച്എസ് ഉള്‍പ്പെടെ പല മേഖലകളിലും വിദേശികള്‍ നട്ടെല്ലായി മാറിക്കഴിഞ്ഞു. എന്നാല്‍ ഈ വിധത്തില്‍ വിദേശികളെ ആശ്രയിച്ച് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ഗവണ്‍മെന്റ് തീരുമാനം. ഇതിന് പ്രധാന കാരണം തൊഴിലും, കൂലിയുമില്ലാതെ നിരവധി നാട്ടുകാര്‍ വെറുതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി സസുഖം ജീവിക്കുന്നുവെന്നത് തന്നെ. ഇവരെ തീറ്റിപ്പോറ്റുന്നതിന് പകരം പണിയെടുപ്പിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി വിദേശ കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 

ഈ മാസം ആദ്യം പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നടപ്പായിട്ടുള്ളത്.  

സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ യോഗ്യത:

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പളപരിധിയും, വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ത്തുന്നതാണ് പ്രധാന മാറ്റം. ഈ വിസയില്‍ ഏത് ജോലിയാണെങ്കിലും ബാച്ചിലര്‍ ഡിഗ്രിയ്ക്ക് തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യത ആവശ്യമാണ്. ഇതോടെ ഈ വിസയുടെ യോഗ്യതാ ലിസ്റ്റിലുണ്ടായ 180-ഓളം ജോലികള്‍ പുറത്തായി. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, കെയര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. എന്നിരുന്നാലും 2025 ജൂലൈ 21ന് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ പ്രകാരവും ആപ്ലിക്കേഷന്‍ പ്രൊസസ് ചെയ്യും. 

ശമ്പളപരിധി വര്‍ദ്ധനകള്‍:

യോഗ്യതകള്‍ക്ക് പുറമെ ശമ്പളപരിധിയും വിവിധ വിസാ ഗ്രൂപ്പുകളില്‍ വര്‍ദ്ധിപ്പിക്കുകയാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് 38,700 പൗണ്ട് മതിയായിരുന്ന ശമ്പളം ഇനി മുതല്‍ 41,700 പൗണ്ടിലേക്കാണ് ഉയര്‍ത്തുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കുമ്പോള്‍ 22 ജൂലൈ 2025 മുതല്‍ പുതിയ ശമ്പളപരിധിയില്‍ വരുമെന്നത് തിരിച്ചടിയാണ്. പഴയ ശമ്പളപരിധി പ്രകാരം അപേക്ഷിച്ചവര്‍ക്കും ഇത് ബാധകമാണ്. ഇതില്‍ ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 

കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു:

വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പ്രവേശിക്കാന്‍ അവസരം ലഭിക്കില്ല. വന്‍തോതില്‍ ചൂഷണത്തിനും, ദുരുപയോഗത്തിനും വിധേയമായതോടെയാണ് കെയര്‍ വര്‍ക്കര്‍ വിസ റൂട്ടില്‍ വിദേശ റിക്രൂട്ട്‌മെന്റിന് അവസാനം കുറിച്ചത്. അതേസമയം ഹെല്‍ത്ത് & കെയര്‍ വിസാക്കാരുടെ ശമ്പളപരിധി 25,000 പൗണ്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

പെര്‍മനന്റ് റസിഡന്‍സിനുള്ള യോഗ്യത:

പെര്‍മനന്റ് റസിഡന്‍സിന് ബ്രിട്ടനില്‍ താമസിച്ചിരിക്കേണ്ട കാലയളവ് വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. നിലവിലെ അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമായാണ് ഉയര്‍ത്തുക. അതേസമയം യുകെ സമ്പദ് വ്യവസ്ഥയ്ക്കും, സമൂഹത്തിനും സംഭാവന നല്‍കി പോയിന്റ് നേടിയവര്‍ക്ക് ഇതിന് മുന്‍പ് തന്നെ സെറ്റില്‍മെന്റ് നേടാനും അവസരമുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും. 

ജൂലൈ മാറ്റങ്ങള്‍ തുടക്കം മാത്രം:

ഈ വര്‍ഷം തന്നെ കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജില്‍ വര്‍ദ്ധന, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ മാറ്റങ്ങള്‍, ഫാമിലി വിസ നിബന്ധനകളിലെ പുനര്‍നിര്‍ണ്ണയം, ഗ്രാജുവേറ്റ് വിസ കാലാവധി 2 വര്‍ഷത്തില്‍ നിന്നും 18 മാസത്തിലേക്ക് ചുരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. 




കൂടുതല്‍വാര്‍ത്തകള്‍.