വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാന്‍ ഇരിക്കുന്ന 5 ദിവസത്തെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ ഉറപ്പിച്ച് റസിഡന്റ് ഡോക്ടര്‍മാര്‍. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ശമ്പളവര്‍ദ്ധന സംബന്ധിച്ച് കാര്യമായ നീക്കങ്ങളില്ലാതെ വന്നതോടെയാണ് പണിമുടക്ക് ഉറപ്പായത്.
എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം അനാവശ്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത രീതിയാണ് ഇതെന്ന് അദ്ദേഹം ആരോപിക്കുന്നു.
വെള്ളിയാഴ്ച ആരംഭിക്കുന്ന സമരപരിപാടി നിര്‍ത്തിവെയ്ക്കാനുള്ള യാതൊരു ഓഫറും മുന്നോട്ട് വെച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. തൊഴില്‍ സാഹചര്യങ്ങളും, കരിയര്‍ മുന്നേറ്റവും സംബന്ധിച്ച മാറ്റങ്ങള്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്‌തെങ്കിലും ഇവര്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചതെന്ന് സ്ട്രീറ്റിംഗ് മറുപടി നല്‍കി.
രോഗികളെ കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും, എന്‍എച്ച്എസ് തിരിച്ചുവരണമെന്ന് ആഗ്രഹവുമില്ലെന്നും വ്യക്തമാക്കുന്നതാണ് സമര തീരുമാനമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിമര്‍ശിച്ചു. ഡോക്ടര്‍മാരുടെ പ്രധാന പ്രശ്‌നം ശമ്പളമാണെന്നിരിക്കെ, തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച ഓഫര്‍ പര്യാപ്തമല്ലെന്ന് ബിഎംഎ പറയുന്നു.
ബിഎംഎ പിടിവാശി തുടരുന്നത് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് ട്രേഡ് യൂണിയന്‍ അനുകൂല ഗവണ്‍മെന്റ് ഭരണത്തിലിരിക്കുമ്പോള്‍ സമരം നടക്കുന്നത് അവര്‍ക്ക് തിരിച്ചടിയാണ്. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.