മേയ് മാസം വരെ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു. ശമ്പളവളര്‍ച്ച മെല്ലെപ്പോക്കില്‍ ആയതിനൊപ്പമാണ് ഈ തിരിച്ചടി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കാനുള്ള വഴിയൊരുക്കുമെങ്കിലും പണപ്പെരുപ്പം വീണ്ടും കുതിച്ചുകയറിയ സ്ഥിതിക്ക് അതിനുള്ള സാധ്യത കുറവാണ്.
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പണികളൊന്നും കുറിയ്ക്ക് കൊള്ളുന്നില്ലെന്നതാണ് സ്ഥിതി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പുറത്തുവന്നതോടെയാണ് ബ്രിട്ടന്റെ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനത്തിലേക്ക് ഉയര്‍ന്നതായി സ്ഥിരീകരിച്ചത്.
2021 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരുമാന വളര്‍ച്ച 5.3 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴ്ന്നു. തൊഴിലില്ലായ്മ 4.6 ശതമാന്തതില്‍ തുടരുമെന്നായിരുന്നു പ്രതീക്ഷ.
സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ദ്ധന മേയ് മാസം 3.7 ശതമാനത്തിലാണ്. ഏപ്രില്‍ വരെ മൂന്ന് മാസങ്ങളില്‍ രഖപ്പെടുത്തിയ 4.3 ശതമാനത്തില്‍ നിന്നുമാണ് കുത്തനെ താഴ്ന്നത്.
തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്നത് തുടരുകയാണെന്ന് ഒഎന്‍എസ് പറഞ്ഞു. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയും പിന്നോട്ടാണ്. ഇതെല്ലാം ചേരുന്ന ഘട്ടത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കുറയ്ക്കുന്നത് തലവേദനയാണ്.