എയര്‍ ഇന്ത്യ വിമാനാപകടം നടന്നിട്ട് ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. എന്നാല്‍ ആ കാത്തിരിപ്പ് കൂടുതല്‍ കണ്ണീരിലേക്ക് നയിക്കുന്ന തരത്തിലുള്ള അവസ്ഥയാണ് ഇപ്പോള്‍ നേരിടുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള ചില കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതാണ് പ്രതിസന്ധിയാകുന്നത്.
പ്രിയപ്പെട്ടവരുടേതെന്ന് കരുതി ബ്രിട്ടനിലേക്ക് അയച്ച പെട്ടികള്‍ തുറക്കുമ്പോഴാണ് ആളുമാറിയതായി മനസ്സിലാക്കുന്നത്. ഇത് കുടുംബങ്ങളുടെ ഹൃദയവ്യഥ ഇരട്ടിപ്പിക്കുകയാണ്. തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹം അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്.
ഇതിന് പുറമെ കഴിഞ്ഞ ആഴ്ച ലഭിച്ച ഒരു ശവപ്പെട്ടിയില്‍ ഒന്നിലേറെ ആളുകളുടെ മൃതദേഹ ഭാഗങ്ങള്‍ അബദ്ധത്തില്‍ പെട്ടിരുന്നു. ഇതോടെ അപരിചിതമായ മൃതദേഹം ഇതില്‍ നിന്നും മാറ്റേണ്ട അവസ്ഥയും വന്നു. വെസ്റ്റ് ലണ്ടന്‍ കൊറോണര്‍ ഡോ. ഫിയോണ വില്‍കോക്‌സ് ബ്രിട്ടനിലേക്ക് എത്തിച്ച മൃതദേഹങ്ങള്‍ പരിശോധിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ സാമ്പിളുമായി ഒത്തുനോക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന അബദ്ധങ്ങള്‍ തിരിച്ചറിയുന്നത്.
അതേസമയം ഈയാഴ്ച ബ്രിട്ടീഷ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. ലണ്ടനിലും, ഇന്ത്യയിലുമായി ഇന്നലെ രാത്രി നടന്ന ഉന്നതതല യോഗത്തിലെ വിവരങ്ങള്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും.
മൃതദേഹങ്ങള്‍ മാറിപ്പോകുന്നത് പോലുള്ള വീഴ്ചകള്‍ കുടുംബങ്ങളെ അനിശ്ചിതാവസ്ഥയില്‍ കൊണ്ടെത്തിക്കുകയാണ്. രണ്ട് വിഷയങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്.