ലൈംഗിക പീഡനങ്ങളില്‍ കുറ്റക്കാരായി കണ്ടെത്തുന്ന യുകെ ഡോക്ടര്‍മാര്‍ക്ക് എതിരായ നടപടികള്‍ ദുര്‍ബലമെന്ന് കണ്ടെത്തല്‍. ലൈംഗിക ദുഷ്‌പെരുമാറ്റത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ ശേഷവും 24 ശതമാനം ഡോക്ടര്‍മാരും സസ്‌പെന്‍ഷന്‍ ലഭിച്ച ശേഷം മെഡിസിന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നാണ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്.
ഇത്തരം ഡോക്ടര്‍മാരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കണമെന്ന് റെഗുലേറ്ററായ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് ഈ സ്ഥിതി. ഡോക്ടര്‍മാര്‍ക്ക് എതിരായ പരാതികള്‍ അന്വേഷിക്കുന്ന ജിഎംസി, ഏറ്റവും ഗുരുതരമായ സംഭവങ്ങള്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസിന്റെ വിധിയെഴുത്തിനായി റഫര്‍ ചെയ്യും. ഇവിടെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് പ്രാക്ടീസ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഉണ്ടോയെന്ന് തീരുമാനിക്കുക.
2023 ആഗസ്റ്റ് മുതല്‍ 2024 ആഗസ്റ്റ് വരെയുള്ള 222 പുതിയ എംപിടിഎസ് ട്രിബ്യൂണല്‍ കേസുകളാണ് പഠനവിധേയമാക്കിയത്. ലൈംഗിക അച്ചടക്കലംഘനം തെളിഞ്ഞ 46 കേസുകളില്‍ 35 എണ്ണത്തിലും ജിഎംസി നിര്‍ദ്ദേശിച്ച അച്ചടക്ക നടപടി മാത്രമാണ് എംപിടിഎസും പിന്തുടര്‍ന്നത്. 11 കേസുകളില്‍ എംപിടിഎസ് ഇവരെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും പുറത്താക്കുന്നതിന് പകരം സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്.
അതേസമയം ലൈംഗിക വേട്ടക്കാരായി കണ്ടെത്തിയ എല്ലാവരും പുരുഷ ഡോക്ടര്‍മാരാണെന്നും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 80 ശതമാനത്തിലേറെ ആളുകളും അധികാര സ്ഥാനങ്ങളിലുള്ളവരാണ്. നിരവധി കേസുകളില്‍ പലരെയും ഉപദ്രവിക്കുകയും, പതിവായി ഇത്തരം സംഭവങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.