
















അഭയാര്‍ത്ഥികളെ കൊണ്ട് പൊറുതിമുട്ടുമ്പോഴും നിയമപരമായി കുടിയേറുന്നവര്‍ക്കെതിരെ വടിയെടുത്ത് ഈ ചീത്തപ്പേര് മായ്ക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. എന്നാല്‍ ആ പേര് അങ്ങനെയൊന്നും കഴുകിക്കളയാന്‍ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അഭയാര്‍ത്ഥി അപേക്ഷകരെ താമസിപ്പിച്ചിട്ടുള്ള ഹോട്ടലുകളില്‍ നിന്നും ദിവസേന ഇവര്‍ അപ്രത്യക്ഷമാകുന്നുവെന്നാണ് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു കോണ്‍ട്രാക്ടര്‍ വെളിപ്പെടുത്തിയത്.
ഹോട്ടലുകളില്‍ നിന്നും മുങ്ങുന്നവരെ കുറിച്ച് ഒരു അറിവും ഇല്ലെന്നത് ഭയപ്പെടുത്തുന്ന വിഷയാണെന്ന് ഇദ്ദേഹം പറയുന്നു. അഭയാര്‍ത്ഥി സിസ്റ്റം കര്‍ശനമാക്കുന്നുവെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുമ്പോഴും ഇവരെ നിരീക്ഷിക്കാന്‍ യാതൊരു നടപടിയും ഇല്ലെന്ന് കോണ്‍ട്രാക്ടര്‍ വെളിപ്പെടുത്തി. ഹോട്ടുകളില്‍ നിന്നും ഒരാള്‍ മുങ്ങിയാല്‍ ഇത് മാത്രം രേഖപ്പെടുത്തി ഹോം ഓഫീസിന് റിപ്പോര്‍ട്ട് ചെയ്യും. ഇത് ദിവസേന നടക്കുന്ന കാര്യമാണ്, കോണ്‍ട്രാക്ടര്‍ പറയുന്നു.
അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് എതിരായ നടപടി കര്‍ശനമാക്കാന്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ പരിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച ഘട്ടത്തിലാണ് ഇതെല്ലാം വെറും തമാശയാക്കി അഭയാര്‍ത്ഥി അപേക്ഷകര്‍ മുതലെടുക്കുന്നത്. സെപ്റ്റംബറിലെ കണക്ക് പ്രകാരം 36,772 അഭയാര്‍ത്ഥി അപേക്ഷകരാണ് ഹോട്ടലുകളില്‍ താമസിക്കുന്നത്.
2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ 110,000-ലേറെ ആളുകള്‍ യുകെയില്‍ അഭയാര്‍ത്ഥിത്വം തേടി. 2002-ലെ റെക്കോര്‍ഡ് ഭേദിക്കുന്നതാണ് ഈ കണക്ക്. അഭയാര്‍ത്ഥിത്വം തള്ളിയാല്‍ സ്വീകരിക്കുന്ന നടപടി അതിലേറെ തമാശയാണെന്ന് കോണ്‍ട്രാക്ടര്‍ പറയുന്നു. ഹോട്ടലുകളില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ എത്തി ഇവരെ കൂട്ടിക്കൊണ്ട് പോകുമെന്നാണ് ആരും പ്രതീക്ഷിക്കുക, എന്നാല്‍ ഇതിന് പകരം എപ്പോള്‍ മടങ്ങണമെന്ന് ഒരു തീയതി നല്‍കുക മാത്രമാണ് ചെയ്യുന്നത്, അദ്ദേഹം പറയുന്നു.
ഒരു മേല്‍വിലാസം പോലുമില്ലാത്ത ഇവര്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നുവെന്ന് ആര്‍ക്കും അറിവില്ല. സമൂഹത്തില്‍ അദൃശ്യരായി അവര്‍ ജീവിക്കുന്നു. ഇത്തരം ആളുകള്‍ ആരുടെയും കണ്ണില്‍ പെടാതെ നമുക്കിടയില്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കോണ്‍ട്രാക്ടര്‍ വെളിപ്പെടുത്തി. ലേബര്‍ ഗവണ്‍മെന്റിന്റെ അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.