
















അടുത്ത ആഴ്ച പണിമുടക്ക് നടത്താന്‍ ഒരുങ്ങുകയാണ് റസിഡന്റ് ഡോക്ടര്‍മാര്‍. നാട്ടില്‍ സൂപ്പര്‍ഫ്‌ളൂ നടമാടുകയാണ്. രോഗികള്‍ വന്‍തോതില്‍ ആശുപത്രികളിലേക്ക് ഒഴുകുന്നു. വിന്റര്‍ സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് മുങ്ങുമ്പോള്‍ ശമ്പളം കൂട്ടിക്കിട്ടാന്‍ നടത്തുന്ന ഈ സമരങ്ങളുടെ ന്യായാന്യായങ്ങള്‍ ചോദ്യങ്ങള്‍ നേരിടുകയാണ്.
സമരങ്ങളുമായി ഡോക്ടര്‍മാര്‍ മുന്നോട്ട് പോയാല്‍ എന്‍എച്ച്എസ് തകരുകയും, രോഗികള്‍ മരിക്കാനും സാധ്യതയുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നല്‍കുന്ന മുന്നറിയിപ്പ്. റസിഡന്റ് ഡോക്ടര്‍മാര്‍ ഈ ഘട്ടത്തില്‍ പണിമുടക്കുന്നതില്‍ തനിക്ക് യഥാര്‍ത്ഥമായ ഭയമുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. കൊവിഡിന് ശേഷം എന്‍എച്ച്എസ് അഭിമുഖീകരിക്കുന്ന ഏറ്റവും ദുരിതമേറിയ സമ്മര്‍ദമാണ് രൂപമാറ്റം സംഭവിച്ച ഫ്‌ളൂ സ്‌ട്രെയിനെന്ന് അദ്ദേഹം പറയുന്നു. 
രോഗികള്‍ക്ക് ഗുരുതരമായ അപകടം നേരിടുന്ന സമയത്ത്, സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനെ സ്ട്രീറ്റിംഗ് രൂക്ഷമായി വിമര്‍ശിച്ചു. എന്‍എച്ച്എസിന് ഏറ്റവും വേദനയേറിയ സമയമാണ് ഇതെന്ന് ഇവര്‍ക്ക് അറിയുകയും ചെയ്യാം. വ്യാഴാഴ്ച കണക്കുകള്‍ പുറത്തുവന്നതോടെയാണ് റെക്കോര്‍ഡ് തോതിലാണ് ഫ്‌ളൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സ്ഥിരീകരിച്ചത്.
ഏഴ് ദിവസം കൊണ്ട് 55 ശതമാനം കേസുകളാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഴ്ച ശരാശരി 2660 രോഗികള്‍ ദിവസേന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വരുന്ന ആഴ്ചകളില്‍ ഈ കേസുകള്‍ മൂന്നിരട്ടി വര്‍ദ്ധിക്കുമെന്നാണ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്. ഗവണ്‍മെന്റ് ഏറ്റവും ഒടുവിലായി മുന്നോട്ട് വെച്ച ഓഫറില്‍ തിങ്കളാഴ്ച ഡോക്ടര്‍മാരുടെ യൂണിയന്‍ വോട്ടിംഗ് നടത്തുന്നുണ്ട്. ഇതില്‍ അനുകൂല ഫലം ലഭിച്ചാല്‍ പണിമുടക്ക് നിര്‍ത്തിവെയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എതിര്‍ത്താല്‍ അടുത്ത ബുധനാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് സമരം നടക്കുക.