
















യുകെയുടെ സമ്പദ് വ്യവസ്ഥയെ വിനാശത്തിലേക്ക് നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍ നേരിട്ട് ലേബര്‍. തുടര്‍ച്ചയായ രണ്ടാം മാസവും ജിഡിപി താഴ്ന്നതോടെയാണ് ഈ കുറ്റപ്പെടുത്തല്‍. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ആശങ്കയും ശക്തമായി. ഒക്ടോബറില്‍ ജിഡിപി 0.1 ശതമാനം താഴ്ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ജൂണിന് ശേഷം വളര്‍ച്ച നേടാനും കഴിഞ്ഞിട്ടില്ല.
ലേബര്‍ ഗവണ്‍മെന്റിന്റെ ഒന്നാം നമ്പര്‍ മിഷന്‍ രാജ്യത്തിന്റെ വളര്‍ച്ചയാണെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവകാശവാദത്തിന് അപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നുമില്ല. 'തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയായി കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ലോകത്ത് ഇപ്പോള്‍ തന്നെ നമ്മള്‍ പ്രതിസന്ധിയിലാണ്', പ്രമുഖ ഇക്കണോമിസ്റ്റ് ജൂലിയന്‍ ജെസോപ് പറഞ്ഞു. 
കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റിലേക്ക് നയിക്കുന്ന വേളയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നടത്തിയ ദുരന്ത പ്രചരണങ്ങളാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് കരുതുന്നത്. ബജറ്റിന് മുന്നോടിയായി വലിയ അഭ്യൂഹങ്ങള്‍ക്കും, പ്രചരണങ്ങള്‍ക്കുമാണ് റീവ്‌സ് കൊടിപിടിച്ചത്. ഇത് കുടുംബങ്ങളെയും, ബിസിനസ്സുകളെയും കനത്ത ആശങ്കയിലേക്ക് തള്ളിവിട്ടിരുന്നു.
ബജറ്റ് പ്രഖ്യാപനം വന്നപ്പോഴാകട്ടെ സാമ്പത്തിക ഉണര്‍വ്വേകുന്ന പദ്ധതികളൊന്നും ഇതില്‍ ഇടംപിടിച്ചതുമില്ല. ഇതിന് പകരം 26 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ബജറ്റിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് വളര്‍ച്ചയ്ക്ക് മേല്‍ കത്തിവെച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് ഇക്കണോമിക്‌സ് ഫെല്ലോ കൂടിയായ ജെസോപ് പറഞ്ഞു. വരുമാനം വിതരണം ചെയ്യാനുള്ള നയങ്ങളെയും, സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ഇടപെടാനുമുള്ള നയങ്ങളെയാണ് ഗവണ്‍മെന്റ് കൂടുതലായി അനുകൂലിച്ചത്, വളര്‍ച്ചയെ കൈവിടുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.