
















യുകെ ഇപ്പോള്‍ സൂപ്പര്‍ഫ്‌ളൂ പ്രതിസന്ധിയിലാണ്. ആശുപത്രികള്‍ ഫ്‌ളൂ പ്രതിസന്ധിയുടെ കരങ്ങളില്‍ ഞെരിഞ്ഞമരുമ്പോള്‍ ഇതിന് ഇടയാക്കിയത് എന്‍എച്ച്എസ് മേധാവികളുടെ തന്നെ പരാജയമാണെന്നാണ് കുറപ്പെടുത്തല്‍. ഇക്കുറി വാക്‌സിനേഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിമര്‍ശനം.
വര്‍ഷത്തിലെ ഈ സമയത്ത് സാധാരണമായി രേഖപ്പെടുത്തുന്നതിനെ അപേക്ഷിച്ച് റെക്കോര്‍ഡ് തോതിലാണ് ഫ്‌ളൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസം കൊണ്ട് 55 ശതമാനം കേസുകളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ശരാശരി 2660 രോഗികള്‍ വീതം ആശുപത്രിയില്‍ എത്തപ്പെടുന്നുണ്ട്.
അതേസമയം രാജ്യത്ത് വൈറസ് നടമാടുമ്പോള്‍ ഇതിന്റെ ആഘാതം പ്രധാനമായും നേരിടുന്നത് കുട്ടികളാണ്. അഞ്ച് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം പ്രധാനമായി പിടിപെടുന്നതെന്ന് ഏറ്റവും പുതിയ ഡാറ്റ സ്ഥിരീകരിക്കുന്നു. 
ഫ്‌ളൂ വാക്‌സിനുകള്‍ അല്‍പ്പം നേരത്തെ കൈമാറിയിരുന്നെങ്കില്‍ അവസ്ഥ പ്രതിസന്ധിയിലേക്ക് വളരില്ലായിരുന്നുവെന്ന് ഫാര്‍മസി മേധാവികള്‍ അവകാശപ്പെട്ടു. കൃത്യമായ ആശയവിനിമയം നടത്താതെ പോയതാണ് റോളൗട്ടിനെ ബാധിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
വാക്‌സിന് യോഗ്യതയുള്ള പകുതിയിലേറെ കുട്ടികളും വാക്‌സിനേഷന്‍ നേടാത്ത അവസ്ഥയിലാണ്. ഇതോടെ കുട്ടികളില്‍ നിന്നും ക്രിസ്മസ് സമയത്ത് പ്രായമായ ബന്ധുക്കളിലേക്ക് വൈറസ് കൈമാറുമെന്നാണ് ആശങ്ക. ഇവര്‍ക്ക് ഫ്‌ളൂ പിടിപെടാന്‍ സാധ്യതയും കൂടുതലാണ്.
ഇതിനിടെ ഡോക്ടര്‍മാര്‍ സമരം നടത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റസിഡന്റ് ഡോക്ടര്‍മാരോട് പണിമുടക്കില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അപേക്ഷിക്കുന്നുണ്ട്.