
















ഫ്‌ളൂ കേസുകള്‍ റെക്കോര്‍ഡ് തോതില്‍ നേരിടുന്നതിനിടെ പ്രധാനമന്ത്രിയുടെയും, ഹെല്‍ത്ത് സെക്രട്ടറിയുടെയും അഭ്യര്‍ത്ഥനകല്‍ തള്ളി റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുമായി മുന്നോട്ട്. റെക്കോര്‍ഡ് തോതില്‍ രോഗികള്‍ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ അവസാനവട്ട ഇടപെടല്‍ നടത്തി ഒത്തുതീര്‍ക്കാമെന്ന ഗവണ്‍മെന്റ് മോഹത്തിനാണ് ബിഎംഎ തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഇതോടെ നാളെ മുതല്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പണിമുടക്ക് തടസ്സമില്ലാതെ തുടരും. ക്രിസ്മസിന് തൊട്ടുമുന്‍പ് വരെയാണ് സമരം നീളുക. സമരം ഒഴിവാക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫര്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83 ശതമാനം പേരും ഇത് തള്ളാനാണ് വോട്ട് ചെയ്തത്.
സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗ് പോസ്റ്റുകള്‍ വിപുലീകരിക്കാനും, എക്‌സാം ഫീസ് പോലെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന തുക കവര്‍ ചെയ്യാമെന്നുമാണ് സ്ട്രീറ്റിംഗ് ഓഫര്‍ ചെയ്തത്. വിന്റര്‍ സമ്മര്‍ദത്തിനൊപ്പം പ്രതീക്ഷിച്ചതിലും നേരത്തെ ഫ്‌ളൂ സീസണ്‍ കൊണ്ടുപിടിച്ചതും ചേര്‍ന്നാണ് എന്‍എച്ച്എസില്‍ ദുരിതം സമ്മാനിക്കുന്നത്. ഈ ഘട്ടത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് രോഗികളെ അപകടത്തിലാക്കുന്ന ഡോക്ടര്‍മാരുടെ പ്രഖ്യാപനങ്ങളെ സ്ട്രീറ്റിംഗ് അപലപിച്ചു.
അപകടം പിടിച്ച സമയത്ത് ക്രിസ്മസ് പണിമുടക്ക് നടത്തി എന്‍എച്ച്എസിന് ആഘാതം നല്‍കാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലേക്ക് ഇത് മാറ്റിവെയ്ക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. രോഗികളുടെ സുരക്ഷയോ, മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ അവസ്ഥയോ ബിഎംഎയ്ക്ക് പ്രശ്‌നമല്ല, സ്ട്രീറ്റിംഗ് വിമര്‍ശിച്ചു.