
















എഐ ക്യാമറകള്‍ സ്ഥാപിച്ചാല്‍ എല്ലാമായി. ഇനി മനുഷ്യന്റെ ഇടപെടലില്ലാതെ എല്ലാം കൃത്യമായി നടക്കും. നിയമം തെറ്റിക്കുന്ന ഒരാളെ പോലും വെറുതെവിടാതെ പിഴ ഈടാക്കും. ഇതെല്ലാമാണ് ഉത്തരവാദിത്വം ക്യാമറകളെ ഏല്‍പ്പിക്കുമ്പോള്‍ പ്രഖ്യാപിച്ച നിലപാട്. എന്നാല്‍ ഈ നിലപാട് തിരുത്തേണ്ട ഗതികേടിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്. ഇതിന് ഇടയാക്കിയത് അവര്‍ വിശ്വസിച്ച ക്യാമറകള്‍ തന്നെ!
സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചെന്ന പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ ഡ്രൈവര്‍മാരെയാണ് സ്പീഡ് ക്യാമറകള്‍ കുറ്റക്കാരാക്കിയതെന്നാണ് കണ്ടെത്തല്‍. ക്യാമറകളിലെ പിഴവാണ് ഈ ഗുരുതര വീഴ്ചയ്ക്ക് ഇടയാക്കിയത്. ഗവണ്‍മെന്റിന് മില്ല്യണ്‍ കണക്കിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നാല് വര്‍ഷക്കാലമായി എല്ലാ സ്മാര്‍ട്ട് മോട്ടോര്‍വേകളിലും, ചില എ-റോഡുകളിലും സ്ഥാപിച്ചിട്ടുള്ള വേരിയബിള്‍ സ്പീഡ് ക്യാമറ സിസ്റ്റത്തില്‍ പിഴവ് നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ ക്യാമറകള്‍ നല്‍കുന്ന വിവരങ്ങളെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യമായി ഇവ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണ് ചെയ്തത്.
ഇതുവരെ 36,000-ലേറെ അമിതവേഗതാ കേസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിന് പുറമെ കോടതി കേസുകളും, സ്പീഡ് സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും റദ്ദാക്കേണ്ട അവസ്ഥയിലാണ് 22 പോലീസ് സേനകള്‍. വീക്കെന്‍ഡില്‍ മന്ത്രിമാരും, പോലീസ് സേനകളും നടത്തിയ കൂടിക്കാഴ്ചയില്‍ വരും ദിവസങ്ങളില്‍ സ്പീഡ് ക്യാമറ ഉപയോഗത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ തങ്ങളുടെ വാഹനത്തിലെ ഡാഷ്‌ക്യാം ഫൂട്ടേജ് കോടതികളെ കാണിച്ചപ്പോഴാണ് പ്രശ്‌നം സ്പീഡ് ക്യാമറയുടേതാണെന്ന് തിരിച്ചറിയുന്നത്.