
















എന്‍എച്ച്എസ് ഫ്‌ളൂ ദുരിതത്തില്‍ തുടരുമ്പോള്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നത് ആശങ്കയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തിയിരുന്നു. എന്നാല്‍ ആ ആശങ്കയുടെ നിഴലുകള്‍ ഇപ്പോള്‍ അകലുന്നുവെന്നാണ് സൂചന. ഇതിന് കാരണമാകുന്നതാകട്ടെ റസിഡന്റ് ഡോക്ടര്‍മാര്‍ തന്നെ!
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ചില ആശുപത്രികളില്‍ നാലില്‍ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരും ജോലിക്ക് ഹാജരാകുന്നുണ്ട്. പിക്കറ്റ് ലൈനുകളിലും പ്രതിഷേധക്കാരുടെ സാന്നിധ്യം ഏറെ കുറവാണ്.
എന്നാല്‍ മറ്റ് ചില ഭാഗങ്ങളില്‍ പിന്തുണ ഏറെയുള്ളതിനാല്‍ തടസ്സങ്ങള്‍ നേരിടുന്നതായി ആരോഗ്യ മേധാവികള്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രതിസന്ധി ജനുവരിയും കടന്ന് പോകുമെന്നാണ് മുന്നറിയിപ്പ്. എന്‍എച്ച്എസ് ആയിരക്കണക്കിന് ഓപ്പറേഷനും, അപ്പോയിന്റ്‌മെന്റും റദ്ദാക്കിയതോടെ ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജീവന് വേണ്ടി ആശങ്കയില്‍ കഴിയുന്നത്. 
സമ്മര്‍ദത്തിലായ മറ്റ് ജീവനക്കാരെ പല ഭാഗത്തേക്ക് വിന്യസിക്കേണ്ടി വരുന്നതിനാല്‍ പതിവായി നല്‍കുന്ന ചികിത്സകള്‍ പോലും മാനേജര്‍മാര്‍ റദ്ദാക്കുകയാണ്. റെക്കോര്‍ഡ് സൂപ്പര്‍ഫ്‌ളൂ മൂലം എമര്‍ജന്‍സി അഡ്മിഷനുകളും വര്‍ദ്ധിക്കുന്നുണ്ട്. വിന്റര്‍ സമ്മര്‍ദങ്ങള്‍ മറുഭാഗത്ത് ശക്തമാകുന്നുണ്ട്.
രോഗികളെ ഉപേക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനം അപകടകരവും, നിരുത്തരവാദപരവുമാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍ സമരങ്ങള്‍ നിരോധിക്കാനുള്ള കരുത്താണ് കാണിക്കേണ്ടതെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക് പ്രതികരിച്ചു. 26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെടാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്ക് നടത്തുന്നത്.