
















ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 16-ഓളം പേരെ കൂട്ടക്കൊല ചെയ്ത പിതാവിന്റെയും, മകന്റെയും വാര്‍ത്തകള്‍ ഇപ്പോഴും തുടരുകയാണ്. ആ ബീച്ചില്‍ ഒത്തുകൂടിയ ജൂതവിഭാഗത്തില്‍ പെട്ട മനുഷ്യരെയാണ് ഭീകരവാദ ചിന്ത കുത്തിനിറച്ച മനസ്സുമായി ഇരുവരും ചേര്‍ന്ന് വെടിവെച്ച് കൊന്നത്. എന്നാല്‍ ഇതിന് ശേഷവും ലണ്ടനില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്.
വെസ്റ്റ്മിന്‍സ്റ്ററിലെ ജസ്റ്റിസ് മന്ത്രാലയത്തിന് പുറത്താണ് പലസ്തീന്‍ അനുകൂല വിഭാഗങ്ങളുടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനിടയില്‍ നിന്ന് 'ഗ്ലോബലൈസ് ഇന്തിഫാദ' മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ചില പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടാന്‍ തയ്യാറായി.
ഇസ്രയേലിന് എതിരെ യുദ്ധം നടത്തണമെന്ന ആവശ്യത്തിനാണ് 'ഇന്തിഫാദ' മുദ്രാവാക്യം ഉപയോഗിക്കുന്നത്. രണ്ട് പ്രതിഷേധക്കാരെ ഇതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച മറ്റൊരാളെയും കസ്റ്റഡിയിലെടുത്തതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
ഇതിനിടെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസും, മെട്രോപൊളിറ്റന്‍ പോലീസ് മേധാവികളും സംയുക്ത പ്രസ്താവനയും പുറത്തുവിട്ടു.'ലണ്ടന്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യുകെയിലെ മറ്റിടങ്ങള്‍ എന്നിവിടങ്ങളിലുള്ള ജൂത സമൂഹങ്ങള്‍ ആശങ്കയിലും, ഭയപ്പാടിലുമാണ്. ഈ അക്രമം ഇത് വര്‍ദ്ധിപ്പിക്കുന്നു. 2023 മുതല്‍ ജൂതവിദ്വേഷം പടരുകയാണ്. ഇവരുടെ കുട്ടികള്‍ സ്‌കൂളുകളില്‍ വേലിക്കെട്ടിന് പിന്നില്‍ ഇരിക്കേണ്ട അവസ്ഥയാണ്. ഇത് മാറണം', സംയുക്ത പ്രസ്താവനയില്‍ കമ്മീഷണര്‍ മാര്‍ക്ക് റൗളിയും, ചീഫ് കോണ്‍സ്റ്റബിള്‍ സ്റ്റീഫന്‍ വാട്‌സണും പറഞ്ഞു.