
















ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാന്‍ ശ്രമിച്ചതിനുമാണ് പൊലീസ് നടപടി. ടെക്സസ് സര്‍വകലാശാലയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബാംഗങ്ങളാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി മനോജിനെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധവും പൊലീസ് കസ്റ്റഡിയിലെടുത്തു.
മനോജിന്റെ മാനസിക നിലയും കുടുംബവുമായുള്ള പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ വീട് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തീവെപ്പ് ശ്രമത്തിനും കുടുംബാംഗത്തെ ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസുകള്‍ മനോജിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മനോജിന് തടവില്‍ നിന്ന് പുറത്തിറങ്ങാന്‍ 1,03,500 ഡോളര്‍ ബോണ്ടായി കെട്ടിവെക്കണം. വാസസ്ഥലത്തിന് തീവെക്കാനുള്ള ശ്രമം ആരോപിച്ച് ചുമത്തിയ കേസിലാണ് ഒരു ലക്ഷം ഡോളര്‍ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ 90 ലക്ഷം രൂപയോളം വരും ഈ തുക. കുടുംബാംഗത്തെ ഭീഷണിപ്പെടുത്തിയ കുറ്റത്തിലാണ് 3500 ഡോളര്‍ ബോണ്ട് നിശ്ചയിച്ചിരിക്കുന്നത്.