
















ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്തുവെന്ന സംശയത്തില്‍ മുന്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്. അനസ്താസ്യ(25) എന്ന യുവതിയാണ് മരിച്ചത്. ദുബായിലെ വോക്കോ ബോണിങ്ടണ്‍ ഹോട്ടലില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.
ഹോട്ടല്‍ മുറിയില്‍ കഴുത്തിലും ശരീരത്തിലും കൈകാലുകളിലും പതിനഞ്ചിലധികം കുത്തുകളേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ആല്‍ബര്‍ട്ട് മോര്‍ഗനെ(41) റഷ്യന്‍ പൊലീസെത്തി അറസ്റ്റുചെയ്തു. ലോണ്‍ട്രിയില്‍ നിന്നെടുത്ത ഹോട്ടല്‍ റോബ് ധരിച്ചാണ് ഇയാള്‍ മുറിയില്‍ പ്രവേശിച്ചത്. ഹൗസ് കീപ്പിങ് ജീവനക്കാരനെ കബളിപ്പിച്ചാണ് അകത്തുകയറി കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു.
നിയമോപദേഷ്ടാവായ മോര്‍ഗനും റഷ്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരിയായ അനസ്താസ്യയും രണ്ടുവര്‍ഷത്തോളം ദാമ്പത്യബന്ധം തുടര്‍ന്നിരുന്നു. പിന്നീട് വേര്‍പിരിഞ്ഞു. ദാമ്പത്യ ബന്ധത്തിലായിരുന്ന കാലയളവില്‍ അനസ്താസ്യ ലൈംഗികത്തൊഴിലിലേര്‍പ്പെട്ടിരുന്നെന്ന് സംശയിച്ചാണ് മോര്‍ഗന്‍ കൊലപാതകം നടത്തിയത്. വിവാഹമോചനം നേടിയശേഷം മോര്‍ഗന്‍ മുന്‍ ഭാര്യയുടെ സ്വകാര്യ സന്ദേശങ്ങള്‍ പരിശോധിക്കുകയും വിവാഹസമയത്ത് അനസ്താസിയ മറ്റു പുരുഷന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് സംശയിക്കുകയും ചെയ്തതാണ് പ്രകോപനമായത്.
റഷ്യയില്‍നിന്ന് യുഎഇയിലേക്ക് എത്തിയാണ് അനസ്താസ്യയെ കൊലപ്പെടുത്തിയത്. അനസ്താസ്യയുടെ ശരീരത്തില്‍ പച്ച പെയിന്റ് അടിക്കാനും കത്രിക ഉപയോഗിച്ച് മുടി വെട്ടാനുമായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ മുറിയില്‍ പ്രവേശിച്ചതോടെ തര്‍ക്കമുണ്ടാവുകയും സാഹചര്യം വഷളാവുകയുമായിരുന്നു. ഇതോടെ ഇയാള്‍ ഇവരെ പലതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അനസ്താസ്യയെ കണ്ടെത്തിയത്.
മോര്‍ഗന്‍ മുമ്പ് മയക്കുമരുന്നുകേസില്‍ ഏഴുവര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ കുടുംബവഴക്കുകള്‍ പതിവായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് മോര്‍ഗനാണ് അക്രമിയെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റഷ്യന്‍ പൊലീസെത്തിയ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.