
















മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാകുന്നു. മുസ്ലിം ലീഗിന് പിന്നാലെ കേരള മുസ്ലിം ജമാഅത്തും ഈ ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും മുന്‍നിരയിലേക്ക് വന്നത്. ഏകദേശം 47 ലക്ഷത്തോളം വരുന്ന മലപ്പുറത്തെ ജനങ്ങള്‍ക്ക് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി അഭിപ്രായപ്പെട്ടു.
കേരളത്തിലെ മറ്റു പല ജില്ലകളിലും ശരാശരി എട്ട് മുതല്‍ 12 ലക്ഷം വരെ മാത്രം ജനസംഖ്യയുള്ളപ്പോള്‍ മലപ്പുറത്ത് അതിന്റെ നാലിരട്ടിയോളം ആളുകളുണ്ട് എന്നത് വിഭജനം ആവശ്യപ്പെടുന്നവര്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. പ്രവാസികളുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ജനസംഖ്യ ഇനിയും വര്‍ധിക്കും. ഇത്രയും വലിയൊരു ജനവിഭാഗത്തിലേക്ക് എത്തുന്ന ഫണ്ടുകള്‍ വേണ്ടവിധം വിനിയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.
മലപ്പുറത്തിന് പുറമെ മൂവാറ്റുപുഴ കേന്ദ്രീകരിച്ചും തിരുവനന്തപുരം ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ലകള്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും മലപ്പുറത്തെ വിഭജന വാദത്തിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നതോടെ അന്‍വര്‍ ഈ നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതിനായി പ്രമേയം പാസാക്കിയിരുന്നു. കൂടാതെ എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് ജില്ലാ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ 'കേരള യാത്ര' ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. നിലവില്‍ തിരൂര്‍ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രി, സബ് കളക്ടര്‍ ഓഫീസ്, ആര്‍ഡിഒ, വിദ്യാഭ്യാസ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പുതിയ ജില്ലാ രൂപീകരണ നടപടികള്‍ക്ക് വേഗം കൂട്ടുമെന്നും വിലയിരുത്തപ്പെടുന്നു.