
















ചെന്നൈ അറുമ്പാക്കത്ത് മോഷണ ശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. അറുമ്പാക്കം മെട്രോ സ്‌റ്റേഷന് സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുതയാണ് കൊല്ലപ്പെട്ടത്. ജ്യൂസ് ഷോപ്പ് നടത്തുന്ന ചെന്നൈ സ്വദേശി ശാന്തകുമാറാണ് പിടിയിലായത്.
മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചാണ് കൊലപാതകം. തുടര്‍ന്ന് കടന്നുകളയാന്‍ ശ്രമിക്കവേ പ്രതി വീണു കാലൊടിഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് സ്വര്‍ണ മോതിരവും കമ്മലും പിടിച്ചെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കടയില്‍ നിന്ന് മടങ്ങുകയായിരുന്ന അമുതയെ ശാന്തകുമാര്‍ പിന്തുടര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി. മോഷണ ശ്രമം യുവതി ചെറുത്തതോടെ കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ചു. അമുത സ്ഥിരമായി ധരിക്കുന്ന പത്തുപവന്റെ മാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചു. പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നടത്തി. പൊലീസ് വിശദ അന്വേഷണം തുടങ്ങി.