CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 21 Seconds Ago
Breaking Now

ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഏഴര ലക്ഷം കടംവാങ്ങി എയര്‍ ആംബുലന്‍സില്‍ പുറപ്പെട്ടു ; യാത്രയില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍

തിങ്കളാഴ്ച രാത്രി 7.11 ന് പറന്നുയര്‍ന്ന വിമാനത്തിന് 20 മിനിറ്റിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ഒരു ജീവന്‍ രക്ഷിക്കാനായി നടത്തിയ വിമാന യാത്രയാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഏഴു പേരുടെ മരണത്തില്‍ കലാശിച്ചത്. ജാര്‍ഖണ്ഡിലെ ചാന്ദ്വയിലെ ഹോട്ടലിലുണ്ടായ തീ പിടിത്തത്തില്‍ ഗുരുതരമായി പൊള്ളിലേറ്റ സഞ്ജയ് കുമാര്‍ ഷായെ രക്ഷിക്കാനായി ഡല്‍ഹിയില്‍ പറന്നുയര്‍ന്ന റെഡ്‌ബേര്‍ഡ് എയര്‍വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ബിച്ച്ക്രാഫ്റ്റ് സി 90 എയര്‍ ആംബുലന്‍സാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഛത്ര വന മേഖലയില്‍ തകര്‍ന്നുവീണത്. തിങ്കളാഴ്ച രാത്രി 7.11 ന് പറന്നുയര്‍ന്ന വിമാനത്തിന് 20 മിനിറ്റിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് താന്‍ നടത്തികൊണ്ടിരുന്ന ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പിടിച്ച് സഞ്ജയ് കുമാര്‍ ഷായ്ക്ക് 65 ശതമാനം പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കാണ് ഡോക്ടര്‍മാര്‍ സഞ്ജയെ എത്രയും വേഗം ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തത്. 7.5 ലക്ഷം രൂപ വായ്പയെടുത്തും സുഹൃത്തുകളില്‍ നിന്ന് കടം വാങ്ങിയുമാണ് ഡല്‍ഹിയിലെ ചികിത്സയ്ക്കും എയര്‍ ആംബുലന്‍സിന്റെ വാടകയ്ക്കും കുടുംബം പണം കണ്ടെത്തിയത്. സഞ്ജയ്‌ക്കൊപ്പം ഭാര്യ അര്‍ച്ചന ദേവിയും ബന്ധുവായ ധ്രുവും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, നഴ്‌സ് സച്ചിന്‍ കുമാര്‍ മിശ്ര,പൈലറ്റുമാരായ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിങ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ എല്ലാവരും മരിച്ചു.

സഞ്ജയുടെ സഹോദരന്‍ വിജയ് ഷാ റാഞ്ചി എയര്‍പോര്‍ട്ടില്‍ പോയി ഇവരെ യാത്രയാക്കിയ ശേഷം തിരിച്ച് വീട്ടിലെത്തി ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് അറിയുന്നത്. വിമാന അപകടം രണ്ട് മക്കളെ അനാഥരാക്കിയെന്ന വേദനയിലാണ് കുടുംബം. ദുരന്തത്തില്‍ മരിച്ച ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത റാഞ്ചിയിലെ സദര്‍ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു. ഇദ്ദേഹത്തിനും ഏഴു വയസ്സുള്ള ഒരു മകനുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.