
















ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎസ്, ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ വെച്ചായിരുന്നു ഖമനയിയുടെ മരണമെന്നാണ് ഖമനയിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കിം ഇലാഹി പറഞ്ഞത്. ആക്രമണം നടന്ന അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചതെന്നും അബ്ദുല്‍ ഹക്കീം പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഖമനയി ആക്രമണം നടന്നയുടന്‍ മരിച്ചിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചത്', അബ്ദുല്‍ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. ആക്രമണത്തില്‍ അലി ഖമനയിയുടെ മരുമകനും മകളും അപ്പോള്‍ത്തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.