
















ബ്രിട്ടനില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ലേബര്‍ അധികാരത്തിലെത്തി ആദ്യ 18 മാസത്തില്‍ 12,300-ലേറെ പേരെ തടവിലാക്കിയെന്നാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 83 ശതമാനം വര്‍ദ്ധനവാണ് ഈ കണക്ക്.
2024 ജൂലൈയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 17,483 എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ സംഘടിപ്പിച്ചതായി ഹോം ഓഫീസ് പറഞ്ഞു. മുന്‍ കാലയളവിനേക്കാള്‍ 77 ശതമാനമാണ് കൂടുതല്‍. ഇതില്‍ 12,322 പേരെയാണ് അനധികൃതമായി ജോലി ചെയ്യുന്നതിന് പിടികൂടിയത്.
ഇതിന് മുന്‍പുള്ള 18 മാസങ്ങളില്‍ 6725 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതില്‍ കേവലം 1725 പേരെയാണ് ബ്രിട്ടന് നാടുകടത്താന്‍ കഴിഞ്ഞത്. ഏഴിലൊന്ന് പേര്‍ മാത്രമാണ് അനധികൃതമായി ജോലി ചെയ്തിട്ടും നാടുകടത്തപ്പെട്ടത്. മുന്‍പത്തെ ഒന്നര വര്‍ഷത്തില്‍ 1283 പേരെ നാടുകടത്തിയ സ്ഥാനത്ത് നിന്നും 35 ശതമാനം വര്‍ദ്ധന ഉണ്ടായെന്ന് ഹോം ഓഫീസ് അവകാശപ്പെട്ടു.
ബെല്‍ഫാസ്റ്റിലെ നെയില്‍ ബാറിലും, ഈസ്റ്റ് ലണ്ടനിലെ റെസ്റ്റൊറന്റിലും, സറേയില്‍ ഡെലിവെറി റൈഡര്‍മാരായും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഹോം ഓഫീസ് പുറത്തുവിട്ടു. കാര്‍ വാഷുകളും, ബാര്‍ബര്‍ ഷോപ്പുകളും റെയ്ഡുകളില്‍ ഉള്‍പ്പെടുന്നു.
'നമ്മുടെ സമൂഹത്തില്‍ അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമില്ല. അതിനാലാണ് അനധികൃത ജോലിക്കാര്‍ക്ക് എതിരായ നടപടികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചത്. കരിഞ്ചന്ത സമ്പദ് വ്യവസ്ഥയ്ക്ക് ഒളിപ്പിക്കാന്‍ കഴിയില്ല. അതിര്‍ത്തികളുടെ നിയന്ത്രണം പിടിക്കുന്നത് വരെ ഇത് നിര്‍ത്തില്ല', ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.