
















യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡികള്‍ നല്‍കുമെന്ന പദ്ധതി ഉപേക്ഷിച്ച് കീര്‍ സ്റ്റാര്‍മര്‍. ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പുതിയ യു-ടേണ്‍. അനധികൃത കുടിയേറ്റത്തിന് എതിരായ ആയുധമായി യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നായിരുന്നു സ്റ്റാര്‍മറുടെ പ്രഖ്യാപനം.
എന്നാല്‍ പ്രധാനമന്ത്രി പദത്തിലെ തന്റെ 13-ാമത്തെ യു-ടേണില്‍ ഐഡി സ്‌കീമില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ് സ്റ്റാര്‍മര്‍. 2029-ല്‍ ഡിജിറ്റല്‍ ഐഡി ആരംഭിക്കുമെങ്കിലും ഇത് ഓപ്ഷനലായിരിക്കും. ജോലിക്കാര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ മറ്റ് രേഖകള്‍ നല്‍കാന്‍ അനുമതി ഉണ്ടാകും. 
സ്‌കീം നടപ്പാക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് ഔദ്യോഗികമായി ഡിജിറ്റല്‍ ഐഡി സ്വീകരിക്കേണ്ടി വരില്ല. പദ്ധതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത കണ്‍സര്‍വേറ്റീവുകള്‍ ഗവണ്‍മെന്റ് വീണ്ടും എടുത്ത യു-ടേണിനെ വിമര്‍ശിക്കുകയും ചെയ്തു.
'കീര്‍ സ്റ്റാര്‍മറുടെ നട്ടെല്ലില്ലായ്മ തുടരുകയാണ്. അനധികൃതമായി ജോലി ചെയ്യുന്നതിനെ നേരിടാനുള്ള പദ്ധതിയെന്ന് കൊട്ടിഘോഷിച്ച പദ്ധതിയാണ് സമ്മര്‍ദം നേരിട്ടപ്പോള്‍ തന്നെ ഉപേക്ഷിച്ചത്', ഷാഡോ ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്ക് വുഡ് പറഞ്ഞു. അനധികൃത കുടിയേറ്റത്തില്‍ യാതൊരു മാറ്റവും വരുത്താത്ത മോശം ഐഡിയ ആയിരുന്നു ഇതെന്ന് ടോറി ജസ്റ്റിസ് വക്താവ് റോബര്‍ട്ട് ജെന്റിക്ക് കൂട്ടിച്ചേര്‍ത്തു.