
















എന്‍എച്ച്എസില്‍ ഇടനാഴി പരിചരണം ഇപ്പോള്‍ ഒരു പുത്തരിയല്ല. ആശുപത്രികള്‍ സമ്മര്‍ദം നേരിടുമ്പോഴും അല്ലാത്തപ്പോഴും ഇടനാഴിയില്‍ ചികിത്സ ലഭ്യമാക്കേണ്ടി വരികയും, ചില ഘട്ടങ്ങളില്‍ മേല്‍നോട്ടമില്ലാതെ രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതാണ് അവസ്ഥ. എന്നാല്‍ ഈ രീതിയിലുള്ള പരിചരണം ഒരു തരത്തില്‍ 'പീഡനമാണെന്ന്' യുകെ നഴ്‌സുമാരുടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.
രോഗികളെ മരണത്തിലേക്ക് നയിക്കാനും, എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പേടിസ്വപ്‌നം സമ്മാനിക്കുകയും ചെയ്യുന്നതാണ് ഇടനാഴി പരിചരണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളാണ് ആര്‍സിഎന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു കേസില്‍ ജീവനക്കാര്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നതോടെ ഒരു പ്രായമായ രോഗി ശ്വാസം കിട്ടാതെ മരിച്ച സംഭവം പോലും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ ഡൈനിംഗ് റൂം, സ്റ്റാഫ് കിച്ചനും, മരിച്ചവരെ ബന്ധുക്കള്‍ക്ക് കാണാനായി ഉപയോഗിക്കുന്ന മുറികളും വരെ ചികിത്സയ്ക്കായി ഉപയോഗിക്കുകയാണെന്ന് ആര്‍സിഎന്‍ വെളിപ്പെടുത്തി. 2029 ആകുന്നതോടെ ഇംഗ്ലണ്ടിലെ കോറിഡോര്‍ കെയര്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാഗ്ദാനം. പറ്റുമെങ്കില്‍ ഇതിന് മുന്‍പ് തന്നെ ഈ പ്രശ്‌നം തീര്‍ക്കുമെന്ന വെസ് സ്ട്രീറ്റിംഗിന്റെ വാക്കുകളില്‍ എന്‍എച്ച്എസ് സ്റ്റാഫ് ഗ്രൂപ്പുകള്‍ക്ക് വിശ്വാസമില്ലെന്നതാണ് സത്യാവസ്ഥ. വിന്ററിന് പുറത്തും പല ആശുപത്രികളും സമ്മര്‍ദത്തിലാകുമ്പോഴാണ് ഇത്.