
















സോഷ്യല്‍ മീഡിയയുടെ കാലമാണ്. കൈയിലുള്ളതും, ഇല്ലാത്തതും ഓണ്‍ലൈനില്‍ പൊക്കിപ്പിടിച്ച് കാണിച്ചാലേ ഒരു സുഖമുള്ളൂ എന്നാണ് അവസ്ഥ. നാട്ടുകാരെ കാണിക്കാനായി ഇല്ലാത്തതെല്ലാം വാരിക്കൂട്ടാനുള്ള ത്വരയും മനുഷ്യന് വന്നുചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഒരു മോഷ്ടാവ് ഈ വിധത്തില്‍ ഡെയ്‌ലി അപ്‌ഡേഷന്‍ ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? അകത്താകും അത്ര തന്നെ!
ഇതാണ് ഹംസാ ഗഫൂറിനും, കൂട്ടാളികള്‍ക്കും നേരിട്ട വിധിയും. വീടുകളില്‍ കവര്‍ച്ച നടത്താനായി ഒരുങ്ങുന്നതിന്റെയും, മോഷ്ടിച്ച കാറുകളില്‍ സുഖസഞ്ചാരം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് ഇയാള്‍ക്ക് വിനയായത്. ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഇയാളുടെ സംഘത്തെ അപ്പാടെയാണ് പോലീസ് വലയിലാക്കിയത്.
മാസ്‌ക് അണിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഹംസ ഗഫൂര്‍ കവര്‍ച്ചകളും, ലക്ഷ്വറി കാറുകളിലെ സഞ്ചാരവും, പണം കൂട്ടിയിട്ടതുമെല്ലാം ചിത്രീകരിച്ചത്. എന്നാല്‍ ഈ ക്ലിപ്പുകള്‍ സുപ്രധാന തെളിവുകളായി മാറിയെന്ന് പോലീസ് പറയുന്നു. ഇതോടെ ഇയാളും കൂട്ടാളികളും അകത്താകുകയും ചെയ്തു.
വെസ്റ്റ് യോര്‍ക്ക്ഷയര്‍ ബ്രാഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഈ 22-കാരന്‍ ഉള്‍പ്പെടെ ആറ് പേരാണ് സംഘടിത കുറ്റകൃത്യങ്ങളില്‍ ജയിലിലായത്. ബ്രാഡ്‌ഫോര്‍ഡില്‍ നിന്നും ലങ്കാഷയറിലേക്ക് യാത്ര ചെയ്താണ് ഗഫൂറും കൂട്ടാളികളും കവര്‍ച്ചകള്‍ നടത്തിയിരുന്നത്. അടിച്ചുമാറ്റുന്ന ലക്ഷ്വറി കാറുകള്‍ അതിവേഗത്തില്‍ പറപ്പിച്ച് അപകടങ്ങളില്‍ പെടാറുമുണ്ട്. ഇത്തരമൊരു അപകടം നടന്ന് ഉപേക്ഷിച്ച വാഹനത്തില്‍ നിന്നും കിട്ടിയ ഡിഎന്‍എ തെളിവുകളാണ് പ്രതികളിലേക്ക് നയിച്ചത്.