
















പലസ്തീന്‍ വനിതാ ചാവേറിനെ പ്രശംസിക്കുകയും, ഇവരുടെ മകനായ ഒക്ടോബര്‍ 7-ലെ തീവ്രവാദിയെ 'രക്തസാക്ഷിയെന്ന്' വിശേഷിപ്പിക്കുകയും ചെയ്തതിന് സസ്‌പെന്‍ഷനിലായ എന്‍എച്ച്എസ് ഡോക്ടര്‍ അറസ്റ്റില്‍. ഹമാസിന് പിന്തുണ നല്‍കിയതായി സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
31-കാരി ഡോ. റഹ്മെ അലാദ്വാന്റെ സൗത്ത് ഗ്ലോസ്റ്റര്‍ഷയറിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയാണ് പോലീസ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചത്. ഭീകരവാദ ആക്ട് 2000-ലെ സെക്ഷന്‍ 12 പ്രകാരം അറസ്റ്റ് ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചപ്പോള്‍ ഞെട്ടിയിരിക്കുന്ന ട്രോമാ & ഓര്‍ത്തോപീഡിക്‌സ് ഡോക്ടറുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിരോധിത സംഘടനയായ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഓണ്‍ലൈന്‍ പോസ്റ്റുകളാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒക്ടോബറിന് ശേഷം നാലാം തവണയാണ് ഡോക്ടറുടെ അറസ്റ്റ്. നേരത്തെ ദുഷ്‌ലാക്കോടെ ആശയവിനിമയം നടത്തിയതിനും, വംശീയ വിദ്വേഷം പങ്കുവെച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അന്വേഷണവും ഡോ. അലാദ്വാന്‍ നേരിടുന്നുണ്ട്. 
ഓണ്‍ലൈനില്‍ നിരവധി ജൂതവിദ്വേഷ, തീവ്രവാദ അനുകൂല പോസ്റ്റുകള്‍ ഇട്ടതിന് നവംബറില്‍ 15 മാസത്തേക്ക് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂത മേധാവിത്വം, ഇസ്രയേലികളെ നാസികളേക്കാള്‍ മോശമായി കാണുക, ഹമാസ് ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്ന എന്നിവയായിരുന്നു ഡോക്ടറുടെ രീതികള്‍. ഇൗ പോസ്റ്റുകളുടെ പേരില്‍ ഇവരുടെ പ്രാക്ടീസ് ഫിറ്റ്‌നസ് ചോദ്യചിഹ്നമായി.
ഏറ്റവും ഒടുവില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പാണ് വനിതാ പലസ്തീന്‍ ചാവേറിനെയും, മകനെയും രക്തസാക്ഷികളായി ഡോ. അലാദ്വാന്‍ വിശേഷിപ്പിച്ചത്. ഹമാസ് ആദ്യമായി അയച്ച വനിതാ ചാവേറിനൊണ് ഡോക്ടര്‍ പ്രശംസിച്ചത്. എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ എവോണ്‍ & സോമര്‍സെറ്റ് പോലീസും, മെറ്റ് പോലീസും വീട്ടുപടിക്കലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.