
















എപ്സ്റ്റീന്‍ ഫയല്‍സ് പുതിയ നാണംകെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ടതോടെ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിനോട് യുഎസില്‍ പോയി കോണ്‍ഗ്രസ് മുന്‍പാകെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി. മുന്‍ രാജകുമാരന്റെ മോശം ചിത്രങ്ങള്‍ പുതിയ രേഖകളില്‍ പുറത്തുവന്നതോടെയാണ് രാജകുടുംബത്തിന്റെ വിഷയത്തില്‍ കീര്‍ സ്റ്റാര്‍മര്‍ അസാധാരണ ഇടപെടല്‍ നടത്തുന്നത്.
ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ ഇരകളോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ മുന്‍ യോര്‍ക്ക് ഡ്യൂക്ക് ബാധ്യസ്ഥനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിലും നാണംകെടുത്തുന്ന രേഖകള്‍ പുറത്തുവരുന്നത് അപ്പാടെ നാശം വിതയ്ക്കുന്നതിന് മുന്‍പ് മൊഴി നല്‍കാന്‍ തയ്യാറാകണമെന്ന് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.
ഇരകളാണ് പ്രഥമ പരിഗണന അര്‍ഹിക്കുന്നവര്‍, എന്തെങ്കിലും സാധ്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇത് ചെയ്യണം, പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്ത്രീയുടെ മുകളില്‍ മുട്ടുകുത്തി നില്‍ക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തുന്നത്. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട മൂന്ന് മില്ല്യണ്‍ രേഖകളിലാണ് ഈ ചിത്രവും ഇടംപിടിച്ചത്.
ഒരു പുതിയ സ്ത്രീ കൂടി ആന്‍ഡ്രൂവിനും, എപ്സ്റ്റീനും എതിരെ പീഡന ആരോപണം ഉന്നയിച്ചത് പുതിയ രേഖയില്‍ പെട്ടിട്ടുണ്ട്. ഇരുവരും തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. കുട്ടിപ്പീഡകന്‍ മനുഷ്യക്കടത്തിന് വിധേയമാക്കി ചൂഷണത്തിന് ഉപയോഗിച്ചെന്നാണ് ഈ സ്ത്രീ എഫ്ബിഐക്ക് നല്‍കിയ വിവരം.