
















ചന്ദ്ര കൊടുങ്കാറ്റ് വെള്ളപ്പൊക്കം സമ്മാനിക്കുന്നതിനിടെ യുകെയ്ക്ക് ഐസ് അലേര്‍ട്ടും. നടപ്പാതകളും, റോഡുകളും തണുത്തുറയുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതല്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ അപകടകരമായ നിലയില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുകയാണ് കൊടുങ്കാറ്റ്.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ഭൂരിഭാഗം മേഖലകള്‍ക്കും മെറ്റ് ഓഫീസ് പുതിയ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാവിലെ 10 വരെ ഈ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. അര്‍ദ്ധരാത്രിയോടെ താപനില ഫ്രീസിംഗ് നിലയ്ക്ക് താഴേക്ക് പോകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാവിലെ ഐസ് പ്രതലങ്ങളില്‍ തെന്നിവീഴാനുള്ള സാധ്യതയ്‌ക്കെതിരെ മുന്‍കരുതലെടുക്കാന്‍ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
ഹൈലാന്‍ഡ്‌സ് മേഖലകളിലാണ് താപനില -2 സെല്‍ഷ്യസ് വരെ പുലര്‍ച്ചെ താഴാന്‍ ഇടയുള്ളത്. ട്രീറ്റ് ചെയ്യാത്ത റോഡിലും, നടപ്പാതയിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകള്‍ രൂപപ്പെടും. ബുധനാഴ്ച രാവിലെ ജോലിക്കായി യാത്ര ചെയ്യാന്‍ ഇറങ്ങുന്നവര്‍ തടസ്സങ്ങളും, റോഡ് അടയ്ക്കലുകളും ഉണ്ടോയെന്ന് പരിശോധിക്കാനും, യാത്രക്ക് കൂടുതല്‍ സമയം കൈയില്‍ കരുതാനുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചന്ദ്രാ കൊടുങ്കാറ്റ് രാജ്യത്ത് പ്രവേശിച്ച് അപകടകരമായ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഐസ് മുന്നറിയിപ്പ്. ശക്തമായ മഴയും, കാറ്റുമാണ് പല ഭാഗത്തും നേരിടുന്നത്. ജനുവരി മാസത്തില്‍ ഇതുവരെ ഇല്ലാത്തെ ഈര്‍പ്പമേറിയ അവസ്ഥയാണ് രേഖപ്പെടുത്തിയത്. 80 എംഎം വരെ മഴയ്ക്കും, 20 സെന്റിമീറ്റര്‍ മഞ്ഞിനും, 80 എംപിഎച്ച് വേഗത്തിലുള്ള കാറ്റിനുമുള്ള ഒന്‍പത് മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.