
















പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരായ ലേബര്‍ വിമതനീക്കം ഊര്‍ജ്ജിതമാകുന്നു. ആന്‍ഡി ബേണ്‍ഹാമിനെ എംപിയായി മത്സരിക്കുന്നതില്‍ നിന്നും വിലക്കി തന്റെ കസേര സുരക്ഷിതമാക്കിയെന്ന തോന്നലില്‍ ഇരിക്കവെ ഈ നടപടി വിമതരുടെ നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ചെയ്തത്. ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ നം. 10 നുണ പ്രചരണം നടത്തിയെന്നാണ് ബേണ്‍ഹാമിന്റെ പുതിയ ആരോപണം.
പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കോമണ്‍സിലേക്ക് മത്സരിക്കുന്നതിനുള്ള തന്റെ അപേക്ഷ തള്ളിയെന്ന വാദം ശരിയല്ലെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം ഗോര്‍ടണ്‍ & ഡെന്റണ്‍ സ്ഥാനാര്‍ത്ഥിയാകാനായി ബേണ്‍ഹാം ഔദ്യോഗികമായി അപേക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. 
തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ 50-ലേറെ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ യൂണിയനുകള്‍ സമ്മര്‍ദം ഉയര്‍ത്താനും തയ്യാറായിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി ചുമതലയുള്ളവര്‍ക്കൊപ്പം തങ്ങളെ കൂടി മുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുണീഷന്‍ യൂണിയന്റെ പുതിയ നേതാവ് ആന്‍ഡ്രിയ ഈഗന്‍ പറഞ്ഞു.
ആഞ്ചെല റെയ്‌നര്‍ അവസരം മുതലാക്കി നേതൃത്വം പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന. ഫെബ്രുവരി 26ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പാര്‍ട്ടിയെ പടലപ്പിണക്കം ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് നഷ്ടമാകുന്നതില്‍ കലാശിക്കുമെന്നാണ് മുന്നറിയിപ്പ്. റിഫോമും, ഗ്രീന്‍സും ഈ അവസരം ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബേണ്‍ഹാമിനെ തടഞ്ഞതോടെ മറ്റൊരു വമ്പന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് ലേബര്‍.