
















മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന് കുപ്പിയില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇതൊരു ശീലമായി മാറിയതോടെ ജീവിതത്തിന് അല്‍പ്പം രസം കിട്ടാന്‍ ചെറുതായി കഴിക്കുന്നതാണ് നല്ലതെന്നാണ് പലരുടെയും ചിന്ത. ഈ ചിന്തയ്ക്ക് പിന്തുണ കിട്ടാനായി സ്വയം കണ്ടെത്തിയ ന്യായീകരണങ്ങളും പലരും പറയാറുണ്ട്. എന്നാല്‍ മദ്യപാന ശീലത്തിന്റെ ദോഷങ്ങള്‍ മനസ്സിലാക്കിയിട്ടാണോ, അല്ലയോ എന്ന് ഉറപ്പില്ല, കാല്‍ശതമാനം മുതിര്‍ന്നവരും ഇപ്പോള്‍ മദ്യപാനം ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുരുഷന്‍മാരും, കൗമാരക്കാരുമാണ് അഭൂതപൂര്‍വ്വമായ തോതില്‍ മദ്യപാനം ഉപേക്ഷിക്കുന്നത്. കൂടാതെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് മദ്യം പരീക്ഷിച്ച് നോക്കാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ടെന്ന് ഡാറ്റകള്‍ പറയുന്നു.
16 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കേവലം 33 ശതമാനം പേരാണ് മദ്യം രുചിച്ചവര്‍. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 71 ശതമാനമായിരുന്നു ഈ നിരക്ക്. കൂടാതെ 24 ശതമാനം മുതിര്‍ന്നവര്‍ ഒരു വര്‍ഷത്തിനിടെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വെ ഫോര്‍ ഇംഗ്ലണ്ട് കണ്ടെത്തി. 2022-ലെ 19 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന.
പുരുഷന്‍മാരില്‍ 17 ശതമാനത്തില്‍ നിന്നും 22 ശതമാനത്തിലെത്തിയ വര്‍ദ്ധന, സ്ത്രീകളില്‍ 26 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. 16 മുതല്‍ 24 വരെ പ്രായമുള്ള ആണ്‍കുട്ടികളാണ് മദ്യപിക്കാത്ത സമൂഹത്തിലെ 39 ശതമാനവും വരുന്നത്. 75 വയസ്സ് കഴിഞ്ഞവരില്‍ കേവലം 17 ശതമാനമാണ് മദ്യപിക്കാത്തത്.
അതേസമയം സ്ത്രീകളില്‍ 55 മുതല്‍ 64 വയസ്സ് വരെയുള്ളവരിലാണ് മദ്യപാന ശീലം അധികമുള്ളത്. 17 ശതമാനം മാത്രമാണ് ഈ പ്രായത്തില്‍ കുടിക്കാത്തത്. 16 മുതല്‍ 24 വരെയും, 75ന് മുകളിലും പ്രായമുള്ള 30 ശതമാനം സ്ത്രീകള്‍ക്കും മദ്യത്തോട് താല്‍പ്പര്യമില്ല.