
















പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഏഷ്യന്‍ പര്യടനം കഴിഞ്ഞ് വരുമ്പോഴേക്കും അദ്ദേഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനുള്ള പോരാട്ടങ്ങള്‍ക്കാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അരങ്ങൊരുങ്ങുന്നത്. മുന്‍ കൂട്ടാളിയും, ഇപ്പോള്‍ ശത്രുവുമായി മാറിക്കഴിഞ്ഞ ആഞ്ചെല റെയ്‌നറാണ് പ്രധാനമന്ത്രി കസേരയില്‍ നിന്നും സ്റ്റാര്‍മറെ തെറിപ്പിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്.
ഇതിന്റെ ഭാഗമായി ആഞ്ചെല റെയ്‌നര്‍ ഒരു മില്ല്യണ്‍ പൗണ്ടിന്റെ യുദ്ധസന്നാഹങ്ങള്‍ കെട്ടിപ്പടുത്ത് കഴിഞ്ഞെന്നാണ് അടുപ്പക്കാരുടെ വെളിപ്പെടുത്തല്‍. സ്റ്റാര്‍മര്‍ക്ക് അധികം വൈകാതെ നേതൃത്വ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷ. മുന്‍ ഉപപ്രധാനമന്ത്രി തന്റെ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പിന്തുണക്കുന്നവര്‍ ക്യാബിനറ്റ് തസ്തികകള്‍ ഓഫര്‍ ചെയ്ത് തുടങ്ങിയിട്ടുണ്ട്.
തന്റെ ബിസിനസ്സ് നടപ്പിലാക്കാന്‍ ഓഫീസ് ഓഫ് ആഞ്ചെല റെയ്‌നര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് റെയ്‌നര്‍ രൂപംനല്‍കിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി നല്‍കാത്തതിന്റെ പേരില്‍ അഞ്ച് മാസം മുന്‍പാണ് ഇവര്‍ക്ക് ക്യാബിനറ്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്. ഇപ്പോള്‍ നേതൃസ്ഥാനത്തേക്കുള്ള നീക്കങ്ങളില്‍ റെയ്‌നര്‍ക്ക് ശക്തമായ ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉടന്‍ കാര്യങ്ങള്‍ നടപ്പിലായേക്കും, ഒരു ശ്രോതസ്സ് വെളിപ്പെടുത്തി.
റെയ്‌നര്‍ക്ക് എതിരായ എച്ച്എംആര്‍സി അന്വേഷണം വൈകിപ്പിക്കുന്നതിന് പിന്നില്‍ ഇവരെ പ്രധാനമന്ത്രിയാകാതെ തടയാന്‍ ശ്രമിക്കുന്ന ശക്തികളാണെന്നാണ് ആരോപണം. നേരത്തെ നേതൃസ്ഥാനത്തേക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ച ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറെ എംപി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതില്‍ നിന്നും തടഞ്ഞ് സ്റ്റാര്‍മര്‍ അപകടം ഒഴിവാക്കിയിരുന്നു.