
















മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ ഭാവിവിധി നിര്‍ണ്ണയിക്കേണ്ടത് കോടതികളാണെന്നും, അല്ലാതെ ക്യാംപെയിന്‍ ചെയ്യുന്നവരല്ലെന്നും വ്യക്തമാക്കി ഹെല്‍ത്ത് സെക്രട്ടറി. നിലവില്‍ ലൂസി ലെറ്റ്ബി ശിക്ഷിക്കപ്പെട്ട ക്രിമിനലാണ്, എന്നുമാത്രമല്ല ചിന്തിക്കാന്‍ കഴിയാത്ത അതീവ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്, വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
ലെറ്റ്ബിയുടെ അഞ്ച് ഇരകളുടെ മരണങ്ങളില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ സംസാരിക്കുകയായിരുന്നു സ്ട്രീറ്റിംഗ്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നിയോനേറ്റല്‍ നഴ്‌സായി ജോലി ചെയ്യുമ്പോള്‍ കൊലപ്പെടുത്തിയ ഏഴ് കുഞ്ഞുങ്ങളില്‍ പെടുന്ന ഇരകളെ സംബന്ധിച്ചായിരുന്നു ഇന്‍ക്വസ്റ്റ്.
താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ലെറ്റ്ബി ആവര്‍ത്തിക്കുമ്പോഴും, വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഇപ്പോള്‍ പുതിയ മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടുകളുടെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളുമായി ഇവരുടെ ലീഗല്‍ ടീം ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നീതി നല്‍കുന്നതില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയെന്നാണ് ഇവരുടെ വാദം. ഇതുവഴി കേസ് വീണ്ടും കോര്‍ട്ട് ഓഫ് അപ്പീല്‍ മുന്‍പാകെ എത്തിക്കാനാണ് ശ്രമം.
എന്നാല്‍ കോടതി വിധിയില്‍ തെറ്റ് പറ്റിയെന്ന് നടപടിക്രമങ്ങളിലൂടെ തീരുമാനിക്കുന്നത് വരെ നിലവിലെ വിധിയില്‍ ആത്മവിശ്വാസമുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. കോടതിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നവര്‍ തെളിവുകള്‍ കൊണ്ടുവരണം. ഇത് പരിശോധിച്ച് കോടതികള്‍ വിധി പുറപ്പെടുവിക്കുകയാണ് വേണ്ടത്, അല്ലാതെ പ്രചരണവേല കൊണ്ട് കാര്യമില്ല, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.