
















കീര്‍ സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദത്തിന് നേരിട്ട് വെല്ലുവിളി ഉയര്‍ത്താനുള്ള ആദ്യ നീക്കം നടത്തി ആഞ്ചെല റെയ്‌നര്‍. പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദം കൈകാര്യം ചെയ്ത രീതിയില്‍ ലേബറില്‍ ഉയര്‍ന്ന അപസ്വരങ്ങള്‍ ആയുധമാക്കിയാണ് പുറത്തായ ഉപപ്രധാനമന്ത്രിയുടെ നീക്കം.
ലേബര്‍ പിയറായിരുന്ന മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കിയ നടപടിയില്‍ വീഴ്ച വന്നതായി രേഖകളുടെ വെളിച്ചത്തില്‍ സമ്മതിക്കേണ്ടി വന്ന അവസ്ഥയിലാണ് പ്രധാനമന്ത്രി. കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാന്‍ എല്ലാ ശ്രമവും നടത്തുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സ്റ്റാര്‍മറുടെ പ്രധാനമന്ത്രി പദവിക്ക് ഇളക്കം തട്ടുന്ന അവസരത്തിലാണ് റെയ്‌നറുടെ ചടുലനീക്കം.
സ്റ്റാര്‍മറുടെ വീഴ്ച ഉറപ്പാക്കാന്‍ ചില മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായും വാര്‍ത്തയുണ്ട്. കുട്ടികളെ പീഡിപ്പിച്ചതിന് അകത്തായ എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് വെച്ചുകൊണ്ടാണ് മണ്ടേല്‍സനെ അംബാസിഡറാക്കിയതെന്ന് പ്രധാനമന്ത്രി ആദ്യമായി സമ്മതിച്ചിട്ടുണ്ട്. ടോറി നേതാവ് കെമി ബാഡെനോക് നിര്‍ത്തിപ്പൊരിച്ചതോടെയാണ് സംഗതി സത്യമാണെന്ന് സ്റ്റാര്‍മര്‍ക്ക് നാണംകെട്ട് സമ്മതിക്കേണ്ടി വന്നത്.
ഞെട്ടിക്കുന്ന കുറ്റസമ്മതം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള പ്രധാനമന്ത്രിയുടെ ശേഷി സംബന്ധിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് ടോറി നേതാവ് ചൂണ്ടിക്കാണിച്ചു. കൂടാതെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയുടെ ഗുരു കൂടിയാണ് മണ്ടേല്‍സനെന്ന് ബാഡെനോക് ഓര്‍മ്മിപ്പിച്ചു.
ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നും, മക്‌സ്വീനിയെ പുറത്താക്കണമെന്നും ലേബര്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അപ്പോയിന്റ്‌മെന്റ് നടക്കുന്ന സമയത്ത് മണ്ടേല്‍സണ്‍ നുണകള്‍ പറഞ്ഞാണ് രാജ്യത്തെ പറ്റിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.