
















ഇംഗ്ലണ്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് ഹോളിഡ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 200 ലധികം ഹോസ്പിറ്റാലിറ്റി, വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്ത്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഇതു സംബന്ധിച്ച് കത്തു നല്‍കി.
ഒരാള്‍ക്ക് ഒരു രാത്രി 2 പൗണ്ട് എന്ന നിരക്കില്‍ നികുതി ഈടാക്കിയാല്‍ രണ്ടാഴ്ചത്തെ അവധിക്ക് നൂറു പൗണ്ട് നല്‍കേണ്ടിവരും. ഇത് കുടുംബത്തെ യാത്ര ചുരുക്കാനോ വിദേശത്തേക്ക് മാറ്റാനോ ഇടയാക്കും. അവധി ആഘോഷിക്കാനുള്ളതാണ് നികുതി അടയ്ക്കാനുള്ളതല്ല എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
താമസ ചെലവിന്റെ ഒരു ശതമാനമായി ഈടാക്കണമെന്നതാണ് സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന. പ്രാദേശിക മേയര്‍മാര്‍ക്കും നേതാക്കള്‍ക്കും തങ്ങളുടെ പ്രദേശത്ത് അനുയോജ്യമായ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു ആദ്യ നിലപാട്. വിഷയത്തിലെ പൊതു ചര്‍ച്ച ഫെബ്രുവരി 18ന് അവസാനിക്കും. സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും പ്രാദേശിക കൗണ്‍സിലുകള്‍ക്ക് വിസിറ്റര്‍ ലെവി ഏര്‍പ്പാടാക്കാന്‍ അധികാരമുണ്ട്. മാഞ്ചസ്റ്ററില്‍ 2023 മുതല്‍ മുറിക്ക് ഒരു പൗണ്ട് ഈടാക്കുന്ന നികുതി ആദ്യ വര്‍ഷം 2.8 മില്യണ്‍ പൗണ്ട് സമാഹരിക്കുകയും ചെയ്തു.
യുകെയില്‍ ഇതിനകം നികുതി ഭാരം നിലനില്‍ക്കേ ഹോളിഡേ ടാക്‌സ് വരുന്നത് ആഭ്യന്തര വിനേദ സഞ്ചാരത്തെ ബാധിക്കുമെന്ന വിമര്‍ശനമുണ്ട്.
എന്നാല്‍ പാരിസിലും റോമിലും ബ്രസ്സല്‍സിലുമെല്ലാം ടൂറിസ്റ്റ് നികുതി നിലവിലുണ്ടെന്നതാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.