
















എന്‍എച്ച്എസിനെ ഭയപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ എടുത്ത് പ്രയോഗിച്ച ആയുധമാണ് സമരങ്ങള്‍. അതും ഏറ്റവും തിരക്കേറുന്ന സമയം നോക്കി പണിമുടക്ക് നടത്തി അവര്‍ രോഗികളുടെയും, മറ്റ് ജീവനക്കാരുടെയും, ഹെല്‍ത്ത് സര്‍വ്വീസിന്റെയും വേദന ഒരു ഹരമാക്കി മാറ്റി. എന്നാല്‍ സമയം മുന്നോട്ട് പോകുമ്പോള്‍ സമരങ്ങള്‍ പഴയത് പോലെ ഏശുന്നില്ലെന്നാണ് ആരോഗ്യ മേധാവികള്‍ നല്‍കുന്ന വിവരം.
അവസാനം നടന്ന ഡോക്ടര്‍മാരുടെ പണിമുടക്കില്‍ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുന്നത് 77 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. 2023-ല്‍ സമരനടപടികള്‍ തുടങ്ങിയ ശേഷം ചികിത്സകളെ ബാധിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ഇതില്‍ വ്യക്തമാകുന്നു.
ശമ്പളവര്‍ദ്ധനവ് ലഭിക്കാനായി ഈയാഴ്ച ആറ് മാസം കൂടി സമരം ചെയ്യാനുള്ള വോട്ട് നേടിയിരിക്കുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ റസിഡന്റ് ഡോക്ടര്‍മാര്‍. 2023 മുതല്‍ 14 തവണയാണ് ഇവര്‍ പണിമുടക്ക് നടത്തിയത്. ബിഎംഎ നേതൃത്വത്തിലുള്ള സമരങ്ങള്‍ മൂലം എന്‍എച്ച്എസ് ബില്ല്യണുകളാണ് നഷ്ടം. ഒപ്പം 1.5 മില്ല്യണിലേറെ അപ്പോയിന്റ്‌മെന്റുകളും റദ്ദായി.
എന്നാല്‍ അടുത്ത കാലത്ത് നടന്ന സമരങ്ങളില്‍ റദ്ദാക്കലുകള്‍ കുത്തനെ കുറയുകയാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നു. 2023 മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയപ്പോള്‍ 120,866 അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ 2025 നവംബര്‍ ആകുമ്പോഴേക്കും ഇത് 27,873 ആയി കുറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്കിടയിലും 95 ശതമാനം അപ്പോയിന്റ്‌മെന്റും, ഓപ്പറേഷനും നിലനിര്‍ത്താനാണ് ആശുപത്രികള്‍ക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.