
















സ്ത്രീകളെയും, 12 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയും ബലാത്സംഗത്തിന് ഇരയാക്കിയ ഇമാം കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി. ഈസ്റ്റ് ലണ്ടന്‍ മോസ്‌കിലെ വിശ്വാസ നേതാവെന്ന പദവി ദുരുപയോഗം ചെയ്ത് തനിക്ക് മാന്ത്രിക ശക്തികളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇമാം സ്ത്രീകളെയും, പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തത്.
54-കാരന്‍ അബ്ദുള്‍ ഹാലിം ഖാനെതിരായ 21 കുറ്റകൃത്യങ്ങളാണ് കോടതി ശരിവെച്ചത്. ബലാത്സംഗവും, ലൈംഗിക പീഡനവും, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും ഇതില്‍ പെടും. ഏഴ് സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് സ്‌നെയേഴ്‌സ്ബ്രൂക്ക് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി.
2004 മുതല്‍ 2015 വരെ കാലഘട്ടത്തിലാണ് കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്. മൂന്ന് ഇരകള്‍ കൗമാരക്കാരായ ചെറിയ പെണ്‍കുട്ടികളായിരുന്നു. ഏഴ് പേരും പ്രാദേശിക മുസ്ലീം സമൂഹത്തില്‍ പെട്ടവരായിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇവരെ എത്തിച്ച് ഖാന്‍ ലൈംഗിക അക്രമങ്ങള്‍ നടത്തി വരികയാണ് ചെയ്തത്.
സ്ത്രീകള്‍ക്ക് എന്തെങ്കിലും മോശം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തന്നെ കാണേണ്ടതെന്നാണ് ഖാന്‍ ബോധ്യപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിന് ശേഷം ഇവരെ ബലാത്സംഗത്തിനും, ലൈംഗിക പീഡനത്തിനും ഇരയാക്കുകയും, തന്റെ ദേഹത്തുള്ള 'ജിന്നാണ്' ഇത് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യും. 'ആഭിചാര ക്രിയകള്‍' ചെയ്യുമെന്ന് പേടിച്ച് ഇരകള്‍ കുടുംബങ്ങളോട് സത്യങ്ങള്‍ വെളിപ്പെടുത്താനും ഭയപ്പെട്ടു.
എന്നാല്‍ പ്രായം കുറഞ്ഞ ഇര തന്റെ അധ്യാപികയോടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ഇമാമിന്റെ 'ജിന്ന്' പരിപാടി പൊളിഞ്ഞത്. കുറ്റക്കാരനായി കണ്ടെത്തിയതോടെ ഇയാളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മേയ് 14ന് ശിക്ഷാവിധി പുറപ്പെടുവിക്കും.