
















ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ വായ്തുറക്കാന്‍ മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂവിന് മേല്‍ സമ്മര്‍ദം രൂക്ഷമാകുന്നു. മറ്റൊരു പോലീസ് സേന കൂടി എപ്സ്റ്റീന്റെ യുകെ ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് നാണക്കേടിലായ മുന്‍ യോര്‍ക്ക് ഡ്യൂക്ക് കനത്ത സമ്മര്‍ദം നേരിടുന്നത്.
എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ച നാലാമത്തെ പോലീസ് സേനയായി എസെക്‌സ് പോലീസ് മാറി. കുട്ടിപ്പീഡകനായ ഫിനാന്‍ഷ്യര്‍ ലൈംഗിക ഇരകളെ യുകെയിലേക്ക് സ്വകാര്യ ജെറ്റില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തലാണ് പരിശോധിക്കുന്നത്. ഇരകളെ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളം വഴി കടത്തിയെന്ന വിവരം പോലീസ് അന്വേഷിക്കുന്നു.
പുതിയ അന്വേഷണം കൂടി വന്നത് മുന്‍ യോര്‍ക്ക് ഡ്യൂക്കിനെ സമ്മര്‍ദത്തിലാക്കുന്നതാണ്. 1990 മുതല്‍ 2018 വരെ എപ്സ്റ്റീന്റെ ലോലിതാ എക്‌സ്പ്രസ് എന്ന് കുപ്രശസ്തിയാര്‍ജ്ജിച്ച സ്വകാര്യ ജെറ്റ് 90 തവണംയാണ് യുകെ വിമാനത്താവളങ്ങളില്‍ എത്തിയിട്ടുള്ളത്. നാണംകെട്ട ആരോപണങ്ങള്‍ പുറത്തുവരുമ്പോള്‍ ആന്‍ഡ്രൂവിന് എതിരെ ക്രിമിനല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ആന്‍ഡ്രൂവിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി എപ്സ്റ്റീന്‍ ഒരു യുവതിയെ റോയല്‍ ലോഡ്ജില്‍ എത്തിച്ചെന്ന വിവരത്തില്‍ തെയിംസ് വാലി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ആന്‍ഡ്രൂവിനെതിരെ ഔദ്യോഗിക അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇരകള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ബക്കിംഗ്ഹാം കൊട്ടാരം തല്‍ക്കാലം ആശ്വസിച്ച് ഇരിക്കുമ്പോഴും അന്വേഷണത്തിന് തയ്യാറാകാത്തത് സമ്മര്‍ദം കൊണ്ടാണെന്ന വിമര്‍ശനം ശക്തമാണ്.