
















ഇറാനിലെ ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധത്തിന് നന്ദി! ബ്രിട്ടനിലെ പെട്രോള്‍ വിതരണം അവതാളത്തിലാകാന്‍ സകല സാധ്യതയും തെളിയുമ്പോഴാണ് പെട്രോള്‍ കമ്പനികള്‍ ഈ നന്ദി അറിയിക്കുന്നത്. തങ്ങളുടെ ഫോര്‍കോര്‍ട്ടുകളില്‍ പെട്രോള്‍ വിതരണം 'ടൈറ്റാണെന്ന്' ആസ്ദ മേധാവി മുന്നറിയിപ്പ് നല്‍കി.
പെട്രോള്‍ വില ലിറ്ററിന് 150 പെന്‍സ് എന്ന റെക്കോര്‍ഡ് നിലയിലേക്കാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഉയരം താണ്ടുന്നത്. ഈ ഘട്ടത്തില്‍ തങ്ങളുടെ ചില ഫോര്‍കോര്‍ട്ടുകളില്‍ വിതരണ പ്രശ്‌നം നിലനില്‍ക്കുന്നതായി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അലന്‍ ലെയ്ടണ്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് യുദ്ധം മൂലം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ അടച്ചുവെച്ച് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ലോകത്തിലെ 20 ശതമാനം എണ്ണ വിതരണവും നടക്കുന്നതിന് ഈ ഷിപ്പിംഗ് ലെയിന്‍ പ്രധാനമാണ്. നിലവില്‍ തടസ്സം മാറ്റാന്‍ തെഹ്‌റാന്‍ യാതൊരുവിധത്തിലും സഹകരിക്കുന്നില്ല. ട്രംപിന്റെ ഇടനില സംഭാഷണങ്ങളും വലിയ ഗുണം ചെയ്യുന്നില്ല.
ശത്രുക്കളുടെ ഷിപ്പിംഗിന് കടലിടുക്കില്‍ നിരോധനം തുടരുന്നതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യക്തമാക്കി. ഇതുവഴി സഞ്ചരിക്കാനുള്ള ശ്രമം നടന്നാല്‍ പ്രതികരണവും കടുത്തതാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തിലാണ് ഇന്ധന വിതരണം കനത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് ആസ്ദയുടെ മേധാവി വ്യക്തമാക്കിയത്.
പ്രതിസന്ധി വഷളാകുമെന്ന ആശങ്കയില്‍ വാഹനങ്ങളില്‍ പരിഭ്രാന്തരായി ഇന്ധനം നിറച്ച് സ്ഥിതി രൂക്ഷമാക്കരുതെന്ന് കമ്പനി മേധാവികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. യുകെയില്‍ ചില ഫോര്‍കോര്‍ട്ടുകളില്‍ മാത്രമാണ് പ്രശ്‌നമെന്നും, മറ്റ് സ്ഥലങ്ങളില്‍ വിതരണം സാധാരണ നിലയിലാണെന്നും ഫ്യൂവല്‍സ് ഇന്‍ഡസ്ട്രി യുകെ ചീഫ് എലിസബത്ത് ഡി ജോംഗ് വ്യക്തമാക്കി.