
















അമേരിക്കയും, ഇറാനും പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആടിയുലയുന്നു. പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേല്‍ ലെബനണിലും, ഇറാന്‍ യുഎഇയിലും അക്രമണം തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹോര്‍മുസ് കടലിടുക്കിനെ ഇറാന്‍ വീണ്ടും ആയുധമാക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോള്‍ ഇറാന്‍ ഓയില്‍ ടാങ്കറുകള്‍ തടഞ്ഞതായാണ് വിവരം. ഒപ്പം സൗദിയിലെ പ്രധാന ഓയില്‍ പൈപ്പ്‌ലൈന് നേര്‍ക്ക് ഡ്രോണ്‍ അക്രമണവും നടത്തിയിട്ടുണ്ട്. ലെബനണില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.
ഇതിനിടെ താന്‍ വിജയമായി ഉയര്‍ത്തിക്കാണിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും വെടിയേറ്റ് വാങ്ങുകയാണ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനൊപ്പം സമാധാന ചര്‍ച്ചകളും നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയ രണ്ട് ടാങ്കറുകള്‍ ഇപ്പോള്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ലെബനണിലെ ഇസ്രയേല്‍ അക്രമങ്ങളാണ് ഇതിന് കാരണമെന്നാണ് ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നത്. 
അനുമതിയില്ലാതെ യാത്ര ചെയ്യുന്ന ഓയില്‍ ടാങ്കറുകള്‍ നശിപ്പിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഒരു കപ്പലിന് 2 മില്ല്യണ്‍ ഡോളര്‍ വീതം ടോള്‍ ചുമത്തിയിരിക്കുകയാണ് ഭരണകൂടം. ഗള്‍ഫിലെ ചെങ്കടല്‍ മേഖലയിലെ ക്രൂഡ് ഉത്പാദനത്തില്‍ പ്രധാനമായ സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ്‌ലൈനില്‍ ഡ്രോണ്‍ അക്രമണം നടന്നതായി എഫ്ടി റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈത്തിലെ എയര്‍ ഡിഫന്‍സ് തങ്ങളുടെ എണ്ണ സംവിധാനങ്ങള്‍ക്കും, പവര്‍ പ്ലാന്റുകള്‍ക്കും, വെള്ളം ശുദ്ധീകരിക്കുന്ന കേന്ദ്രങ്ങള്‍ക്കും നേരെ നടത്തിയ 28 ഡ്രോണുകളാണ് തകര്‍ത്തത്. ഇപ്പോഴും ഡ്രോണുകള്‍ എത്തുകയാണെന്ന് രാജ്യത്തിന്റെ സൈന്യം സ്ഥിരീകരിച്ചു.