
















ഇറാന് ആയുധങ്ങള്‍ കൈമാറാന്‍ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിര്‍ന്നാല്‍ അവര്‍ക്ക് 'വലിയ പ്രശ്‌നങ്ങള്‍' നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന് ചൈന ആയുധം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാന്‍പാഡ്സ് എന്ന് വിളിക്കുന്ന, തോളില്‍ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകളാണ് ചൈന ഇറാന് കൈമാറുന്നത്. ആയുധം നേരിട്ട് ഇറാന് കൈമാറാതെ മൂന്നാമതൊരു രാജ്യത്ത് എത്തിച്ച് ഇവിടെ നിന്ന് ഇറാനിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ട്രംപ് തന്റെ കര്‍ശന നിലപാട് വ്യക്തമാക്കിയത്. ചൈന ഇറാന് ആയുധം കൊടുത്താല്‍ അവര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാകും, മനസ്സിലായല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തങ്ങള്‍ ഒരു പക്ഷത്തേക്കും ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ മധ്യസ്ഥത വഹിച്ചത് ചൈനയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്കിടെ ഇറാനെ സൈനികമായി സഹായിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്ക കരുതുന്നു.