
















അടുത്ത മാസം ബ്രിട്ടനില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് അരങ്ങേറും. ഇത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെ സംബന്ധിച്ച് ഒരു അഗ്നിപരീക്ഷയാണ്. മുന്‍പ് നേരിട്ട പല അഗ്നിപരീക്ഷകളിലും പരുക്കേറ്റിട്ടും രക്ഷപ്പെട്ട് പിടിച്ചുനില്‍ക്കുന്ന സ്റ്റാര്‍മറെ വെട്ടിനിരത്താന്‍ ഒരുങ്ങി നില്‍ക്കുകയാണ് സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗവും, എതിര്‍ രാഷ്ട്രീയക്കാരും.
ഈ അവസരത്തിലാണ് ലോക്കല്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെ ഹിതപരിശോധനയാക്കി മാറ്റണമെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ അടിവേരിളകിയാല്‍ കൂടുതല്‍ ന്യായം പറയാന്‍ നില്‍ക്കാതെ സ്റ്റാര്‍മര്‍ രാജിവെയ്ക്കണമെന്നും ഫരാഗ് വെല്ലുവിളിച്ചു.
യുകെ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പ്രധാനമന്ത്രിയെന്നാണ് റിഫോം യുകെ നേതാവ് സ്റ്റാര്‍മറെ കുറ്റപ്പെടുത്തുന്നത്. ഇദ്ദേഹം അധികാരത്തില്‍ പിടിച്ചുനില്‍ക്കുന്നിടത്തോളം ബ്രിട്ടന്റെ സ്ഥിതിയും മോശമായി മാറുകയാണെന്നാണ് ഫരാഗിന്റെ ആരോപണം.
മേയ് ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിടുമെന്ന ഭീതിയിലാണ് ലേബര്‍. ഇത് കീര്‍ സ്റ്റാര്‍റും, റിഫോം യുകെയും വെച്ച് നോക്കുമ്പോള്‍ ഏത് വേണമെന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ തെരഞ്ഞെടുപ്പായി മാറുമെന്നും ഫരാഗ് പറഞ്ഞു.
മേയ് 7നാണ് ഇംഗ്ലണ്ടിലെ 5000 കൗണ്‍സില്‍ സീറ്റുകളിലേക്ക് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ലേബറിന് വന്‍തോതില്‍ വോട്ട് വിഹിതവും, കൗണ്‍സിലര്‍മാരെയും നഷ്ടമാകുമെന്നാണ് ആശങ്ക.